നെയ്യാറ്റിൻകര∙ യുവതിയിൽ നിന്ന് 52.63 പവൻ സ്വർണാഭരണങ്ങളും 34.5 ലക്ഷം രൂപയും തട്ടിയ കേസിൽ ഫിനാൻസ് ഉടമ അറസ്റ്റിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത ബാലരാമപുരം ആലുവിള തലയൽ എസ്.ജെ.നിവാസിൽ സനോജിനെ (26) കോടതി റിമാൻഡ് ചെയ്തു. മുരുക്കുംപുഴ സ്വദേശിനിയുടെ സ്വർണവും പണവുമാണ് നഷ്ടമായത്.
പണയത്തിലിരിക്കുന്ന ആഭരണങ്ങൾ എടുത്തു നൽകുമെന്ന പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുവതി, സനോജിനെ ഫോണിൽ ബന്ധപ്പെടുന്നത്. യുവതി പണയപ്പെടുത്തിയിരുന്ന ആഭരണങ്ങൾ സനോജ് സ്വന്തം പണം മുടക്കി എടുത്തു.
പിന്നീട് സ്വന്തം ഫിനാൻസ് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായി യുവതിയെ അറിയിച്ചു.
കുറച്ചു നാളുകൾക്കു ശേഷം സ്വർണം തിരിച്ചെടുക്കാൻ പണവുമായി യുവതി എത്തി. 34.5 ലക്ഷം രൂപ വാങ്ങിയ ശേഷം 2 ദിവസത്തിനുള്ളിൽ സ്വർണം നൽകാമെന്ന് അറിയിച്ചു.
പിന്നീട് ഓരോ ദിവസവും ഓരോന്നു പറഞ്ഞു പറ്റിച്ചു. മാസങ്ങൾ പിന്നിട്ടപ്പോഴാണു യുവതി ഗത്യന്തരമില്ലാതെ നെയ്യാറ്റിൻകര പൊലീസിനെ സമീപിച്ചത്.
യുവതിക്ക് സ്വർണവും പണവുമായി ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു പരാതിയിൽ പറയുന്നു. നേമം സ്വദേശിയിൽ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വേറെയും പരാതികളുണ്ടെന്നും റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും നെയ്യാറ്റിൻകര എസ്എച്ച്ഒ: ആർ.പ്രകാശും എസ്ഐ: ആർ.ഒ.അനീഷും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

