തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും പ്രധാനപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കത്ത അയച്ചു.
ആശാവർക്കർമാരുടെ ഓണം ഉത്സവബത്ത സംബന്ധിച്ച വിവരങ്ങളും നബിദിനം ആശംസിച്ചുള്ള പോസ്റ്റുകളുമാണ് യാതൊരു മുൻസൂചനയും കൂടാതെ അപ്രത്യക്ഷമായത്. നീക്കം ചെയ്യപ്പെട്ട
പോസ്റ്റുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം ഒഴിവാക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നുള്ള പോസ്റ്റുകൾ അപ്രത്യക്ഷമാകുന്ന നടപടി ഇതിനുമുമ്പും വലിയ ചർച്ചയായിരുന്നു. മുൻപ് മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മെറ്റ ഈ നടപടി സ്വീകരിച്ചതെന്ന തരത്തിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് ഈ വാദം തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആരുടെയും പ്രത്യേക ആവശ്യപ്രകാരമല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും, പിന്നിൽ സാങ്കേതിക തകരാറാണെന്നും വ്യക്തമാക്കി പിന്നീട് മെറ്റ തന്നെ നേരിട്ട് രംഗത്തുവരികയുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ അപ്രത്യക്ഷമായ സംഭവത്തിൽ വിശദീകരണം തേടിയ കേരള പൊലീസിന്റെ സൈബർ ഡിവിഷനാണ് മെറ്റ ഔദ്യോഗികമായി ഈ വിവരം കൈമാറിയത്. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസറാണ് വിഷയത്തിൽ വിശദീകരണം നൽകിയത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കമ്പനി ഉപയോഗിക്കുന്ന എഐ ടൂളുകളിലുണ്ടായ സാങ്കേതിക പിഴവാണ് ഇത്തരം പോസ്റ്റുകൾ ഒഴിവാക്കപ്പെടാൻ കാരണമെന്ന് മെറ്റ അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലും സമാനമായ രീതിയിൽ ചില ചിത്രങ്ങളും വീഡിയോകളും പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയറിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടായ തകരാറുകളാണ് അന്ന് ഇത്തരം വീഴ്ചകൾക്ക് കാരണമായതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

