സംസ്ഥാനത്തെ ചലച്ചിത്ര ശാലകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതിന് പുറമെ, തിരക്കേറിയ സമയങ്ങളിൽ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടക്കുന്നതായും പരാതി. തിരുവനന്തപുരം നഗരത്തിലെ മാളിൽ സിനിമ കാണാനെത്തിയ കുടുംബത്തിന് നേരിടേണ്ടിവന്ന ദുരവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് മേയർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏഴു ടിക്കറ്റുകൾക്കായി ഓൺലൈൻ വഴി ആകെ 6048.94 രൂപയാണ് കുടുംബം അടച്ചത്. എന്നാൽ, തിയറ്ററിലെത്തിയപ്പോൾ വെറും 230 രൂപയുടെ ടിക്കറ്റിനുള്ള ഇരിപ്പിടങ്ങൾ മാത്രമാണ് നൽകിയത്.
ഇത് ചോദ്യം ചെയ്തപ്പോൾ കമ്പനിയാണ് തിയറ്റർ നടത്തുന്നതെന്നും എന്തു വേണമെങ്കിലും ചെയ്തോളൂ എന്നായിരുന്നു മറുപടി ലഭിച്ചത്. ഒടുവിൽ കുടുംബത്തിന് ഏറ്റവും മുൻനിര സീറ്റുകളിൽ ഇരുന്ന് സിനിമ കാണേണ്ടി വന്നു.
ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താൻ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതെന്ന് മേയർ വ്യക്തമാക്കി. “ഒരു പ്രമുഖ നിർമാതാവ് കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞത് 200 രൂപ ടിക്കറ്റെടുത്ത് ചെന്നാൽ 500 രൂപയുടെ പോപ്കോൺ വാങ്ങേണ്ടി വരുമെന്നാണ്.” ഈ വിഷയമാണ് ഇപ്പോൾ പൊതുസമൂഹം സജീവമായി ചർച്ച ചെയ്യുന്നത്.
ചലച്ചിത്ര വ്യവസായത്തെ നിലനിർത്തുന്നത് സാധാരണ ജനങ്ങളാണെന്നും, ഭരണപരമായോ നിയമപരമായോ ഉള്ള ഇടപെടലുകൾക്ക് മുൻപ് ഉത്തരവാദപ്പെട്ടവർ ഒരു ധാരണയിലെത്താൻ തയാറാകണമെന്നും മേയർ ആവശ്യപ്പെട്ടു. കോർപറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ അടിയന്തര യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മേയർ അറിയിച്ചു.
പാർക്കിങ് സംവിധാനങ്ങൾ, ശുചിത്വം, സുരക്ഷ, മാലിന്യ നിർമാർജനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. തിയറ്ററുകൾക്ക് ലൈസൻസ് നൽകുന്നത് കോർപറേഷനാണെന്നും, അതുമായി ബന്ധപ്പെട്ട
ചർച്ചകളിൽ പൊതുജനങ്ങളുടെ താല്പര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. നിയമപരമായ പരിമിതികൾ ഉണ്ടെന്ന് പറഞ്ഞ് സർക്കാരിന് ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

