കോവളം∙സമുദ്ര ബീച്ച് പാർക്ക് ശോച്യാവസ്ഥയിൽ. കളിക്കോപ്പുകൾ, കൈവരികൾ എന്നിവ തകർന്നു.ജലധാര സംവിധാനം തകർന്ന നിലയിലായതു കൂടാതെ ഇതിന്നടിയിലെ വെള്ളക്കെട്ട് ഇവിടെ എത്തുന്ന സന്ദർശകർക്ക് അപകട
ഭീഷണിയുയർത്തുന്നു. രാത്രി പാർക്കും പരിസരവും ഇരുട്ടിലമരും.
സോളർ വിളക്കുകളുണ്ടെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഇവയിൽ പലതും കത്തുന്നില്ലെന്നാണ് പരാതി.
ഇരുമ്പു തൂണുകൾ തുരുമ്പെടുത്തു നശിച്ച കഫറ്റേറിയ മന്ദിരം ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിൽ. പത്തു വർഷത്തിലേറെ മുൻപ് ആവിഷ്കരിച്ച പദ്ധതിയിൽ ആദ്യം പണിത പാർക്ക് സമാന രീതിയിൽ തകർച്ചയിലായതിനെ തുടർന്നാണ് പുതിയതു നിർമിച്ചത്. പരിപാലനത്തിന്റെ കുറവു കാരണമാണ് പാർക്ക് അധികം കഴിയും മുൻപേ ശോച്യാവസ്ഥയിലാകാൻ കാരണമെന്നു നാട്ടുകാർ.
കുട്ടികളുടെ കളിക്കോപ്പുകൾ പലതും തുരുമ്പെടുത്തു നശിക്കുന്നു.
കൈവരിത്തൂണുകൾ പലതും നിലം പൊത്തി. ജലധാര സജ്ജമാക്കി അധികമാവും മുൻപേ പ്രവർത്തിക്കാതായതായി പ്രദേശവാസികൾ പറയുന്നു.
കടൽ പശ്ചാത്തലമായ മനോഹര അന്തരീക്ഷമുള്ള ഇവിടുത്തെ നിർമിതികൾ അനുദിനം നശിക്കുന്ന അവസ്ഥക്കെതിരെ ജനരോഷമുയർന്നു. വൈകുന്നേരങ്ങളിൽ തദ്ദേശീയരുൾപ്പെടെ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്. പാർക്കിന്റെ ദുസ്ഥിതിക്കു ഉടൻ പരിഹാരം വേണമെന്ന് ആവശ്യമുയർന്നു. പാർക്കിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മേലധികാരികൾക്ക് വിശദമായ റിപ്പോർട്ട് നൽകിയതായി കെടിഡിസി ഹോട്ടൽ അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

