ആലപ്പുഴ∙ ട്രെയിനിൽ യാത്രക്കാർക്കു നേരെ അതിക്രമങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന കർശനമാക്കി. റെയിൽവേ സുരക്ഷാസേന (ആർപിഎഫ്), കേരള റെയിൽവേ പൊലീസ് എന്നിവയുടെ പരിശോധന കൂട്ടാൻ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ നിർദേശിച്ചിരുന്നു. ഇതോടെയാണു സേനയിലുള്ള പരമാവധി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കു സജ്ജമാക്കി പരിശോധന കടുപ്പിച്ചത്.
ആർപിഎഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അവധിയെടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജോലിസമയം 12 മണിക്കൂറായി ഉയർത്തുകയും ചെയ്തു.
ജില്ലയിൽ ആലപ്പുഴ, കായംകുളം ആർപിഎഫ് സ്റ്റേഷനുകളിലായി 38 ഉദ്യോഗസ്ഥരും ആലപ്പുഴ റെയിൽവേ പൊലീസിൽ 30 ഉദ്യോഗസ്ഥരുമാണുള്ളത്.
ഇത്രയും പേരെ നിയോഗിച്ച് എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും പരിശോധിക്കുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ഇതിനു പുറമേ എസ്കോർട്ട് ഡ്യൂട്ടിക്കു പോകുന്ന ഉദ്യോഗസ്ഥർ പലപ്പോഴും തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരുന്നുമുണ്ട്. ഇതും ജോലിഭാരം കൂട്ടുന്നു.വൈകിട്ട് 6 മുതൽ പിറ്റേന്നു രാവിലെ 6 വരെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനിലും പരിസരത്തും പ്രത്യേക പരിശോധന കഴിഞ്ഞ ദിവസം മുതൽ നടത്തുന്നുണ്ട്.
വനിതാ കോച്ചുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.
വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുള്ള ‘മേരി സഹേലി ടീം’ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുമായി സംസാരിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
ആർപിഎഫ് ഇന്റലിജൻസ് വിഭാഗം മറ്റ് ഇന്റലിജൻസ് ഏജൻസികളുമായും സഹകരിച്ചു നടപടി സ്വീകരിക്കുന്നുണ്ട്.
സുരക്ഷയ്ക്കായി വിളിക്കൂ 139
യാത്രയ്ക്കിടയിൽ അസ്വാഭാവികമായി ആരെങ്കിലും പെരുമാറുന്നതു ശ്രദ്ധയിൽപെട്ടാൽ 139ൽ വിവരം നൽകാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

