റാന്നി ∙ കോൺക്രീറ്റിന്റെ ക്യുയറിങ് കാലാവധി കഴിഞ്ഞാലും പുതമൺ പാലത്തിലൂടെ വാഹന യാത്ര സാധ്യമാകുമെന്നു തോന്നുന്നില്ല. സമീപന റോഡുകളുടെ പാലത്തോടു ചേർന്ന സംരക്ഷണഭിത്തി നിർമാണം ഇഴയുന്നതാണു തടസ്സം.
മൂന്നും നാലും തൊഴിലാളികളാണു ദിവസവും പണിയെടുക്കുന്നത്.
ഈ മാസം 10ന് ആണ് പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തീകരിച്ചത്. കോൺക്രീറ്റ് ഉറയ്ക്കുന്ന സമയ പരിധി പിന്നിടുമ്പോൾ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്.
എന്നാൽ സമീപന പാത നിർമിക്കാതെ ഇതു സാധ്യമാകില്ല. ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിച്ച് 150 മീറ്റർ പാത നിർമിക്കണം.
പുതമൺ എതിർ കരയിൽ ഒരു വശത്തു മാത്രമാണു സംരക്ഷണഭിത്തി നിർമാണം നടക്കുന്നത്. ഹാബിയോൺ വലകളിൽ കരിങ്കല്ലുകൾ അടുക്കിയാണ് സംരക്ഷണഭിത്തി പണിയുന്നത്.
ഇഴഞ്ഞു നീങ്ങുകയാണു പണികൾ.
ശബരിമല തീർഥാടനത്തിനു മുൻപ് പാലത്തിന്റെ പണികൾ പൂർത്തീകരിച്ചു ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ആദ്യം തീരുമാനിച്ചത്. മഴ മൂലം നിർമാണം തടസ്സപ്പെട്ടിരുന്നു.
പിഡബ്ല്യുഡി മന്ത്രി ഇടപെട്ട ശേഷമാണ് കോൺക്രീറ്റ് നടപടി വേഗത്തിലാക്കിയത്.
ശബരിമല തീർഥാടന കാലത്തു പാലം തുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
റാന്നി–കോഴഞ്ചേരി ശബരിമല പാതയിലെ പാലമാണിത്. പുതമൺ പെരുന്തോടിനു കുറുകെയുള്ള പഴയ പാലത്തിനു നാശം നേരിട്ടതോടെയാണ് പുതിയതു പണിതത്.
2.60 കോടി രൂപയാണ് അടങ്കൽ തുക. ഇതിന്റെ 20 ശതമാനം അധിക തുകയ്ക്കാണു കരാർ നൽകിയിരിക്കുന്നത്.
താൽക്കാലിക പാതയിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. തോട്ടിൽ ജലനിരപ്പുയരുമ്പോൾ ബദൽ മാർഗം നോക്കണം.
പാലത്തിന് 16 മീറ്ററാണ് നീളം.
70 സെന്റിമീറ്ററാണ് കോൺക്രീറ്റ് കനം. ഇരുവശത്തും 1.50 മീറ്റർ വീതം നടപ്പാതയുണ്ട്.
7.50 മീറ്റർ വീതിയിലാണ് വാഹന ഗതാഗതം സാധ്യമാക്കുക. പാലത്തിലൂടെ പൈപ്പ് വലിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

