കേരളത്തിൽ പ്രളയവും ഉരുൾപൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും, പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കേണ്ട സംസ്ഥാന ദുരന്തപ്രതികരണ സേന (എസ്ഡിആർഎഫ്) യെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.
സേനയുടെ ചുമതല പൊലീസിൽ നിന്ന് മാറ്റി അഗ്നിരക്ഷാസേനയെ ഏൽപിക്കണമെന്ന നിർദേശം സമർപ്പിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അന്തിമ തീരുമാനവും ഉണ്ടായിട്ടില്ല. ഇതുമൂലം സേനയുടെ പരിശീലനത്തിനും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ലഭിക്കേണ്ട
കോടികളുടെ കേന്ദ്രഫണ്ടാണ് പാഴായിപ്പോകുന്നത്. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ഈ സേന മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് കേരളത്തിൽ ഫയൽ നടപടികൾ അനന്തമായി നീളുന്നത്.
ദേശീയ മാതൃകയിൽ (എൻഡിആർഎഫ്) നൂറംഗ സേനയെ ഉൾപ്പെടുത്തി മലപ്പുറം പാണ്ടിക്കാട് കേന്ദ്രമാക്കിയാണ് 2012 ൽ പൊലീസ് വകുപ്പിന് കീഴിൽ എസ്ഡിആർഎഫ് രൂപീകരിച്ചത്. എന്നാൽ പതിനാല് വർഷം പിന്നിട്ടിട്ടും സേനയ്ക്ക് ആവശ്യമായ സൂപ്പർവൈസറി തസ്തികകൾ പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
അഗ്നി പ്രതിരോധത്തിലും മറ്റ് രക്ഷാപ്രവർത്തനങ്ങളിലും വിദഗ്ധമായ പരിശീലനവും ഇതിനകം ലഭ്യമാക്കിയിട്ടില്ല. സേനയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 2024 ൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേർന്നിരുന്നു.
മുൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ പരിഗണനയ്ക്കായി 2024 ലാണ് വിശദമായ നിർദേശങ്ങൾ അയച്ചത്. ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്തമുഖത്ത് സേനയുടെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം തന്നെ നിർദേശിച്ചതുമായിരുന്നു.
എന്നാൽ ഈ ഫയൽ നിലവിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരിഗണനയ്ക്കായി വീണ്ടും അയച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്ത് പ്രളയം, ഉരുൾപൊട്ടൽ, ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തങ്ങൾ തുടങ്ങിയ ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ചുമതല അഗ്നിരക്ഷാസേനയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമായത്.
രക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് അഗ്നിരക്ഷാസേനയായതിനാലാണ് ഈ മാറ്റം നിർദേശിക്കപ്പെട്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന വിധത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് സേനയെ വിന്യസിക്കാനും പദ്ധതിയുണ്ടായിരുന്നു.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് മറ്റ് ജില്ലകളിൽ നിന്ന് എത്തിച്ച 18 യൂണിറ്റുകളുടെ സഹായത്തോടെയാണ്. ആളുകളെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന റബർ ഡിങ്കികൾ ഉൾപ്പെടെയുള്ളവ ഇതര ജില്ലകളിൽ നിന്നാണ് കൊണ്ടുവന്നത്.
എന്നാൽ സംസ്ഥാന വ്യാപകമായി പ്രളയമുണ്ടായാൽ ഈ രീതി തികച്ചും അപ്രായോഗികമായിരിക്കുമെന്നും രക്ഷാപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2018 ലെ മഹാപ്രളയത്തിലും കേരളം നേരിട്ട
ഏറ്റവും വലിയ പ്രതിസന്ധി ഇതായിരുന്നു. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള നിർദേശങ്ങളാണ് യാതൊരുവിധ തുടർനടപടികളുമില്ലാതെ ഫയലുകളിൽ ഒതുങ്ങിപ്പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

