പനജി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ രംഗത്ത്. താൻ നേരിടുന്നത് വലിയ രാഷ്ട്രീയ വേട്ടയാടലാണെന്നും വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെപ്പോലെ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഇത് വ്യാജ കേസാണെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “കഴിഞ്ഞ 13 വർഷമായി അവർ എന്നെ പ്രതികാരബുദ്ധിയോടെ വേട്ടയാടുകയാണ്.
ജുഡീഷ്യറിയിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. സത്യം മനസിലാക്കുന്ന ജഡ്ജിമാരുണ്ടാകും.
പത്തുതവണയെങ്കിലും എന്നെ കുറ്റവിമുക്തനാക്കാനുള്ള തെളിവുകളുണ്ട്. പൊതുജനത്തിന് മുന്നിൽ ആ തെളിവുകളെല്ലാം അവതരിപ്പിക്കും.
ഹൈക്കോടതി വിധിക്കെതിരേ തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കും. ഏഴരവർഷത്തോളം വിചാരണ കോടതിയിൽ പോരാടി കുറ്റവിമുക്തരാക്കിയതാണ്.
എന്നാൽ, ഇത് തെഹൽക്കയുടെ പ്രവർത്തനങ്ങൾ കാരണമുള്ള രാഷ്ട്രീയ പകപ്പോക്കലാണ്. അവർക്കെതിരേ എഴുതിയവരെ അവർ പിന്തുടരുന്നു.
ഉമർ ഖാലിദും ഷർജീൽ ഇമാമും വർഷങ്ങളായി ജയിലിലാണ്. ഭീമ കൊറേഗാവ് കേസിൽ സുരേന്ദ്ര ഗാഡ്ലിങ്ങും ജയിലിലാണ്.
ഞാനും അവരിൽ ഒരാളാണ്. എനിക്ക് 62 വയസ്സായി.
ഞാൻ ഒരു ഇരയാണ്. എനിക്ക് ഭാര്യയുണ്ട്.
കൂടുതൽ ഒന്നും പറയാനില്ല. ഇനി അപ്പീൽ പോകാം.
എന്നോട് ദയ കാണിക്കണം”, എന്ന് തരുൺ തേജ്പാൽ പ്രതികരിച്ചു. തെഹൽക്കയിലെ ജൂനിയർ മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെ ശിക്ഷിച്ചത്.
2013 നവംബർ ഏഴ്, എട്ട് തീയതികളിലായി ഗോവയിലെ ഹോട്ടലിൽവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിലെ ലിഫ്റ്റിൽവെച്ച് തരുൺ തേജ്പാൽ രണ്ടുതവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
തുടർന്ന് 2013 നവംബർ 30-ന് തരുൺ തേജ്പാൽ അറസ്റ്റിലാവുകയായിരുന്നു. സാഹചര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു പരാതിയെക്കുറിച്ച് തരുൺ തേജ്പാൽ ആദ്യം നൽകിയ വിശദീകരണം.
എന്നാൽ, കുറ്റം ചുമത്തിയതിന് പിന്നാലെ അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. രാഷ്ട്രീയമായ പകപ്പോക്കലിന്റെ ഭാഗമാണ് കേസെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
അതേസമയം, തരുൺ തേജ്പാലിനെ കോടതി ശിക്ഷിച്ചതിൽ ആശ്വാസമുണ്ടെന്ന് പരാതിക്കാരിയുടെ അമ്മ പ്രതികരിച്ചു. ഇപ്പോൾ നെഞ്ചിൽനിന്ന് വലിയ ഭാരമൊഴിഞ്ഞുവെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഏറെ വേദനയോടെയാണ് കഴിഞ്ഞതെന്നും അവർ പറഞ്ഞു.
ജീവിതം മുന്നോട്ടുപോകാൻ വലിയ മനക്കരുത്ത് ആവശ്യമായിരുന്നു. കേസിൽ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിനൽകാൻ സഹായിച്ച ഗോവ സർക്കാരിനോടും അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും അവർ വ്യക്തമാക്കി.
സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേസിൽ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

