ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിന്റെ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടി അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ജില്ലാ പഞ്ചായത്ത് നിർദ്ദേശം നൽകി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി നിർമ്മിച്ച കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിക്കുന്നത് കുട്ടികളുടെ ഭക്ഷണ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമ്മിച്ചത്. നിലവിൽ ഹൈസ്കൂളിലെ 250 ഓളം വിദ്യാർത്ഥികളിൽ 187 പേർ ദിവസവും ഉച്ചഭക്ഷണത്തിനായി ഈ ഹാളാണ് ആശ്രയിക്കുന്നത്.
എന്നാൽ, അങ്കണവാടി കൂടി ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലിക സംവിധാനം എന്ന നിലയിലാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എന്നാൽ, എട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അങ്കണവാടി അവിടെത്തന്നെ തുടരുകയാണ്. ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പാചകം, പഠനം, കളിയുപകരണങ്ങളുടെ സൂക്ഷിപ്പ് തുടങ്ങിയവയെല്ലാം ഈ ഹാളിൽ തന്നെയാണ് നടക്കുന്നത്.
ഉച്ചസമയത്ത് വിദ്യാർത്ഥികൾ ഭക്ഷണത്തിനെത്തുമ്പോൾ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. അതേസമയം, സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
അങ്കണവാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ട
ഉത്തരവാദിത്തം പഞ്ചായത്ത് ഭരണകൂടത്തിനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

