പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കർശനമായ അച്ചടക്ക നടപടികൾക്ക് പാർട്ടി ഒരുങ്ങുന്നു.
അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള ഗൗരവതരമായ നടപടികൾ നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണുള്ളത്. വിപുലമായ ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ചേർരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് ഒരു യുവതി പാർട്ടി നേതൃത്വത്തിന് പരാതി സമർപ്പിച്ചത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഇഎൻ സുരേഷ് ബാബുവിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചുവരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയും, തുടർന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
എന്നാൽ ലൈംഗിക പരാതിയുടെ പശ്ചാത്തലത്തിലാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്ന വിവരം പുറത്തുവരരുത് എന്ന് സുരേഷ് ബാബു അഭ്യർത്ഥിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരുത്തൽ നടപടികളുടെ ഭാഗമായിട്ടാണ് പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത്.
സമ്മേളന കാലയളവിലല്ലാതെ ഒരു ജില്ല സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇഎൻ സുരേഷ് ബാബുവിനെ മാറ്റി മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

