വീട്ടിൽ വളർത്തുന്ന കുതിരയുടെ വിസർജ്യം അയൽവീട്ടിലേക്ക് തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ കുടുംബനാഥയെ യുവാവ് വെടിവെച്ചു പരിക്കേൽപ്പിച്ചു.
കോഴിക്കോട് വെസ്റ്റ്ഹിൽ ബി.ജി. റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ പുഷ്പലതയ്ക്കാണ് (59) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ കരുവിശ്ശേരി മുണ്ടിയാളി സ്വദേശിയും ബി.ജി. റോഡ് ചെട്ടിത്തോപ്പ് പറമ്പിൽ വീട്ടിൽ താമസക്കാരനുമായ ഷിംജിത്തിനെ (40) വെള്ളയിൽ പൊലീസ് പിടികൂടി.
വയറിനും നെഞ്ചിനും വെടിയുണ്ട തറച്ച പുഷ്പലതയ്ക്ക് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയൽവാസികളും കുടുംബാംഗങ്ങളും ചേർന്ന് ഇവരെ ആദ്യം ഗവ.
ബീച്ച് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജി.
റോഡ് ചെട്ടിത്തോപ്പ് പറമ്പിലെ മാതൃസഹോദരിയുടെ വീട്ടിൽ താമസിക്കുന്ന ഷിംജിത്ത് താൻ വളർത്തുന്ന കുതിരയുടെ വിസർജ്യം പുഷ്പലതയുടെ പുരയിടത്തിലേക്ക് തള്ളിയിരുന്നു. ഇത് പുഷ്പലത ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ പ്രതി കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
പുഷ്പലതയുടെ വീടിന്റെ അതിർത്തിയോട് ചേർന്ന് ഷെഡ് നിർമ്മിച്ച് രണ്ട് കുതിരകളെയാണ് പ്രതി വളർത്തിയിരുന്നത്. ഈ ഷെഡ് വൃത്തിഹീനമായ നിലയിലാണെന്നും അതിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതിയായ ഷിംജിത്തിനെതിരെ മുൻപും വിവിധ കേസുകൾ നിലവിലുണ്ട്. വീട്ടിൽ അനധികൃതമായി 6.35 ലിറ്റർ ബീയറും 17 ലിറ്റർ വിദേശമദ്യവും സൂക്ഷിച്ചതിനും, ബി.ജി.
റോഡിൽ അനധികൃതമായി മദ്യം വിറ്റത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുകളുള്ളതായി പൊലീസ് അറിയിച്ചു. വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഹരീഷ്, ബൈജുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർനടപടികൾക്ക് ശേഷം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

