പെരുമ്പാവൂർ മേഖലയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെ (40) കാപ്പ (KAPA) ചുമത്തി ജയിലിലടച്ചു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങി ഗുരുതരമായ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ബംഗാൾ സ്വദേശിയെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയും, ഇയാളുടെ മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവമാണ് നടപടിക്ക് ആധാരമായത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലുൾപ്പെടെ പ്രതിക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

