ആറന്മുള ∙ ശബരിമലയിലെ സ്പോൺസർഷിപ്, കൊള്ളരുതായ്മകൾക്കു വാതിൽ തുറന്നുകൊടുക്കാനുള്ള മാർഗമായിരുന്നെങ്കിൽ ഇനി മുതൽ അത് അനുവദിക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ, ആറന്മുള ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോഴാണ്, കെ.ജയകുമാർ മാധ്യമ പ്രവർത്തകരോട് നയം വ്യക്തമാക്കിയത്.
സ്പോൺസറായി വരുന്ന ആൾ ആരാണെന്നും അയാളുടെ വരുമാന മാർഗം എന്താണെന്നും അറിയാതെ സ്പോൺസർഷിപ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം.
അത് തിരുത്തുമെന്നാണു തുടക്കം മുതൽ പറയുന്നത്. ഭക്തരുടെ സംഭാവന സ്വീകരിക്കാനും, അവരുടെ സ്പോൺസർഷിപ് സ്വീകരിക്കാനും തടസ്സമില്ല.
സ്പോൺസർ നേരിട്ട് വരണം. ഇടനിലക്കാർ മുഖാന്തരം വരരുത്.
അവരുടെ വരുമാന മാർഗം, ബാലൻസ് ഷീറ്റ്, ആദായനികുതി വിവരങ്ങൾ എന്നിവ പരിശോധിച്ച് മാത്രം അനുവാദം നൽകും.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തോടും അന്വേഷണ സംഘത്തോടും പൂർണമായും സഹകരിക്കും. തത്വമസി പ്രാവർത്തികമാക്കി, തീർഥാടകർക്കു വേണ്ടി തീർഥാടകരാൽ നടത്തപ്പെടുന്ന സംവിധാനമാക്കി ദേവസ്വം ബോർഡിനെ മാറ്റും.
ഇതുവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഈ നിയോഗത്തിൽ അൽപം കാർക്കശ്യം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഭക്തനായി ദർശനത്തിനു വരിനിന്ന് ബോർഡ് പ്രസിഡന്റ്
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ ആറന്മുള പാർഥസാരഥി ക്ഷേത്ര നടയിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ വിജയൻ നടമംഗലത്ത്, ശശി കണ്ണങ്കേരിൽ, മുരുകൻ ആർ.ആചാരി എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.രേവതിയുടെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷം അദ്ദേഹം നടത്തുന്ന ആദ്യത്തെ ശബരിമല യാത്രയുടെ ഭാഗമായുള്ള സ്വകാര്യ സന്ദർശനമായിരുന്നതിനാൽ ദേവസ്വം ഉദ്യോഗസ്ഥരെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല.
എന്നാൽ പ്രസിഡന്റിന്റെ സന്ദർശന വിവരം അറിഞ്ഞ് എത്തിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തി.
ക്യൂവിൽ നിന്ന ഭക്തർക്കിടയിലൂടെ വഴിയൊരുക്കാൻ ശ്രമിച്ചവരോട് അവർ മാറിയിട്ട് കയറാം എന്നു പറഞ്ഞു നിന്ന പ്രസിഡന്റ് അത്രയും ഭക്തരുടെ ദർശനം കഴിഞ്ഞ ശേഷമാണ് നടയ്ക്കു മുൻപിലേക്ക് എത്തിയത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപദേശക സമിതി ഭാരവാഹികളോടും ദേവസ്വം ഉദ്യോഗസ്ഥരോടും ചോദിച്ചു മനസ്സിലാക്കിയ ശേഷം അദ്ദേഹം ശബരിമലയ്ക്കുളള യാത്ര തുടർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

