കോന്നി ∙ അധ്യാപന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം കാരുണ്യത്തിന്റെയും സേവനത്തിന്റെയും വെളിച്ചം സമൂഹത്തിൽ പ്രസരിപ്പിച്ച ഗുരുനാഥന്റെ പ്രവർത്തനങ്ങൾ വിരമിച്ച ശേഷവും മാതൃകയാവുകയാണ്. ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ അധ്യാപകനായി വിരമിച്ച മലയാലപ്പുഴ കിഴക്കുപുറം കുറ്റിയിൽ ജോൺസനാണ് 5 വീടുകൾ നിർമിച്ചു നൽകിയത്. വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുന്നതിനിടെ വൈദ്യുതിയില്ലാത്ത വീടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു സ്കൂളിലെ മറ്റു കുട്ടികളുടെ സഹായത്തോടെ ആ വീടുകളിൽ വൈദ്യുതി എത്തിച്ചു നൽകിയാണ് അദ്ദേഹം സേവനരംഗത്തു സജീവമായത്.
അതോടൊപ്പം വീടില്ലാത്ത കുട്ടികൾക്ക് സുരക്ഷിതമായ അഭയം ഒരുക്കുന്നതിലും അദ്ദേഹം മുൻകൈ എടുത്തു. ഇതുവരെ 5 വീടുകൾ പൂർണമായും നിർമിച്ചു നൽകിയിട്ടുണ്ട്.
ചില വീടുകൾ വാസയോഗ്യമാക്കി കൊടുക്കുകയും ചെയ്തു.
2020ൽ സർവീസിൽ നിന്നു വിരമിച്ചെങ്കിലും സേവന പ്രവർത്തനം തുടർന്നു. കോവിഡ് മഹാമാരിക്ക് ശേഷം 2023ൽ ടീം ഫോർ ഇൻഫ്രാ സ്ട്രക്ചർ ഉടമ റോസ് ജോൺ തുണ്ടിയത്ത് (കിഴക്കുപുറം), സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫിലഡൽഫിയ എന്നിവരുടെ സഹായത്തോടെ വീട് നിർമിച്ചു നൽകി.
തുടർന്ന് 2025ൽ റാന്നി കല്ലുംപുറത്ത് കുടുംബത്തിന്റെ സഹായത്തോടെ മറ്റൊരു വീടും വച്ചു നൽകി. കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി സാമ്പത്തികമായി പ്രയാസപ്പെടുന്ന കുട്ടികൾക്കു സുമനസ്സുകളുടെ സഹായത്തോടെ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ നൽകി.
നിർധനരായ കുട്ടികൾക്ക് നഴ്സിങ് പഠനങ്ങൾക്കടക്കം സാമ്പത്തിക സഹായം നൽകി.
മനോരമ നല്ലപാഠം പദ്ധതിയിലൂടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടത്തി. 2017ൽ സംസ്ഥാന അധ്യാപക അവാർഡുലഭിച്ചു.നിലവിൽ ഫാ.
റിഞ്ജു പി.കോശി വടക്കേത്തലക്കലിനൊപ്പം ചേർന്ന് വസ്തു ഇല്ലാത്ത 10 കുടുംബങ്ങൾക്ക് വസ്തു നൽകുന്ന ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് അദ്ദേഹം. എല്ലാ പ്രവർത്തനത്തിനും പിന്തുണയുമായി ഭാര്യ റൂബി ജോൺസനും അദ്ദേഹത്തോടൊപ്പമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

