ജർമ്മനിയിലെ ബെർലിൻ നഗരത്തിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ബെർലിനിലെ ഫ്രീഡ്രിക്ഷെയ്ൻ പ്രദേശത്ത് ഒസ്ത്ബാൻഹോഫ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉയർന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഈ അപകടമുണ്ടായത്. ഓഗസ്റ്റ് 14-ന് രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
സംഭവത്തിൽ ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും 13 പേർക്ക് നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്. കൃത്യസമയത്ത് നടത്തിയ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവാക്കാനായത്.
സംഭവസ്ഥലത്ത് 116-ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. മൂന്ന് മണിക്കൂറിനുള്ളിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സേനയ്ക്ക് സാധിച്ചു.
അപകടസമയത്ത് കെട്ടിടത്തിൽ കനത്ത പുകയും തീയും അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് പതിനൊന്നാം നിലയിലെ ജനൽപാളിക്ക് പുറത്തേക്കിറങ്ങിയ യുവതിക്ക് ജീവൻ രക്ഷിക്കാൻ മറ്റ് വഴികൾ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല.
എന്നാൽ, അഗ്നിശമന സേനയുടെ ടേൺടേബിൾ ലാഡറിന് ഒമ്പതാം നില വരെ മാത്രമേ എത്താൻ കഴിഞ്ഞിരുന്നുള്ളൂ. തീ ആളിപ്പടർന്നതിനെ തുടർന്ന് താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായ പിടി കണ്ടെത്താൻ യുവതിക്ക് സാധിച്ചില്ല.
ഒടുവിൽ, താഴെ അഗ്നിശമന സേനയുടെ റെസ്ക്യൂ ബാസ്കറ്റിന് മുകളിലായി നിലയുറപ്പിച്ച അവർ ഏതാനും നിമിഷങ്ങൾ മടിച്ചു നിന്നതിന് ശേഷം താഴേക്ക് ചാടുകയായിരുന്നു. ഏകദേശം രണ്ട് നിലകളോളം താഴേക്ക് ചാടിയ യുവതിയെ അഗ്നിശമന സേനാംഗം സുരക്ഷിതമായി ബാസ്കറ്റിലാക്കുകയായിരുന്നു.
നിസ്സാര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചുള്ള ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.
ഫ്ലാറ്റിൽ നിന്നും യുവതി താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചും യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

