കോഴിക്കോട് ∙ ‘ആദ്യ ദിവസങ്ങളിൽ ഒന്നു കണ്ണടയ്ക്കാൻ പോലും ഭയമായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ മുഴുവൻ നിറഞ്ഞത് ആ .
ശരീരത്തിൽ ട്രാക്ടർ കയറിയിറങ്ങുന്നത് പലതവണ കണ്ടു. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെന്നു മാത്രമല്ല അപകടത്തെക്കുറിച്ച് അയച്ച സന്ദേശങ്ങൾക്കു പോലും അന്നു സഞ്ചരിച്ച ഓൺലൈൻ ബൈക്ക് ടാക്സി കമ്പനി വേണ്ട
മറുപടി നൽകിയില്ല. നാളെ എന്താകും എന്നത് എനിക്ക് ഇനിയും അറിയില്ല.’ – ജൂൺ 17 ന് ഓൺലൈൻ ബൈക്ക് ടാക്സി സർവീസായ റാപ്പിഡോയിൽ സഞ്ചരിക്കുമ്പോൾ ബെംഗളൂരുവിൽ ശരീരമാസകലം പരുക്കേറ്റ് ശസ്ത്രക്രിയകൾക്കു ശേഷവും കൊടും വേദനയുടെ രണ്ടു മാസം പിന്നിടുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശി സാനികൃഷ്ണ (32) ഇതു പറയുമ്പോൾ മുഴങ്ങി കേൾക്കുന്നത് രാജ്യമെങ്ങും വേരു പിടിക്കുന്ന ഒരു ഓൺലൈൻ ബൈക്ക് ടാക്സി സർവീസിന്റെ അനാസ്ഥ കൂടിയാണ്.
ഈ ദുരന്ത സംഭവം ഓൺലൈൻ ബൈക്ക് ടാക്സികളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. യാതൊരുവിധ സുരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ ഉറപ്പുനൽകാൻ തയാറാകാതെയാണ് ഇത്തരം സർവീസുകൾ നിരത്തുകളിൽ സജീവമായിരിക്കുന്നത്.
കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയ്ക്കും നേരിട്ട ദുരിതങ്ങൾക്കും എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അഭിഭാഷകൻ വഴി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് സാനികൃഷ്ണ.
അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മതിയായ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്ത റാപ്പിഡോ അധികൃതരുടേത് വെറും പൊള്ളയായ വാക്കുകൾ മാത്രമാണെന്നും സാനി ആരോപിക്കുന്നു. മരണത്തിൽ നിന്ന് രക്ഷിച്ചത് ആ ഹെൽമറ്റ് ജൂൺ 17 ന് രാവിലെ ഒൻപതു മണിയോടെയാണ് ബെംഗളൂരുവിൽ ജോലി ചെയ്തു വന്നിരുന്ന സാനികൃഷ്ണ യാത്രയ്ക്കായി റാപ്പിഡോ വഴി ഓൺലൈൻ ബൈക്ക് ടാക്സി ബുക്ക് ചെയ്തത്.
സാധാരണയായി സ്വന്തം കാറിലാണ് ഡൊമ്മല്ലൂരിലെ ഓഫിസിലേക്ക് പോകാറുള്ളത്. മുൻപ് ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യാൻ വാങ്ങിയ ഹെൽമറ്റ് അന്നേദിവസം കയ്യിലുണ്ടായിരുന്നു.
രാവിലെ ഓഫിസിലേക്ക് പുറപ്പെടും മുൻപ് ഡൈനിങ് ടേബിളിനു സമീപം ആ ഹെൽമറ്റ് കണ്ണിൽപ്പെട്ടതോടെയാണ് അന്ന് യാത്ര ബൈക്ക് ടാക്സിയിൽ ആക്കാം എന്ന് തീരുമാനിച്ചത്. ആപ്പിൽ റൈഡറെ ബുക്ക് ചെയ്തപ്പോൾ തന്നെ കൂടുതൽ സുരക്ഷയ്ക്കായി വിമൻ സേഫ്റ്റി ഓപ്ഷനും സജീവമാക്കിയിരുന്നു.
എന്നാൽ ടാക്സിയിലെത്തിയ ഡ്രൈവർ നൽകിയത് പേരിനു മാത്രം ധരിക്കാവുന്ന ഒരു സാധാരണ തൊപ്പി പോലുള്ള ഹെൽമറ്റ് ആയിരുന്നു. എന്നാൽ സ്വന്തമായി ഹെൽമറ്റ് കയ്യിലുണ്ടെന്നു പറഞ്ഞ് സാനി അത് ഉപയോഗിക്കാതിരിക്കുകയായിരുന്നു.
ആ തീരുമാനം കാരണമാണ് താൻ ഇന്നും ജീവനോടെയിരിക്കുന്നത് എന്നാണ് വേദനയോടെ സാനി ഓർക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിർണയിക്കുന്ന പ്ലീഹ (സ്പ്ലീൻ) അപകടത്തെത്തുടർന്ന് നീക്കം ചെയ്യേണ്ടി വന്നതിനാൽ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചാണ് നിലവിൽ സാനിയുടെ ചികിത്സ മുന്നോട്ടു പോകുന്നത്.
താമസസ്ഥലത്തുനിന്ന് വാഹനം എടുക്കുന്നതിന് മുൻപ് തന്നെ റൈഡറോട് പ്രത്യേകമായി കാര്യങ്ങൾ പറഞ്ഞിരുന്നു. ‘ഭയ്യാ, തനിക്ക് അത്യാവശ്യങ്ങൾ ഒന്നുമില്ല, പത്തു മണിക്ക് ഓഫിസിൽ കയറിയാൽ മതിയെന്നും പതുക്കെ പോയാൽ മതിയാകുമെന്നും പറഞ്ഞിരുന്നു.’ എന്നാൽ താമസസ്ഥലത്തുനിന്ന് വെറും 800 മീറ്റർ അകലെ വെച്ച് ഒരു ട്രാക്ടറിനെ അതിവേഗം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു.
ട്രാക്ടറിന് അടിയിലേക്ക് വീണ സാനിയുടെ ശരീരത്തിലൂടെ ട്രാക്ടറിന്റെ വലതുവശത്തെ ടയർ കയറിയിറങ്ങി. അപകടത്തിന് ശേഷം ബൈക്ക് ഓടിച്ചയാൾ സ്ഥലത്തുനിന്ന് മുങ്ങി.
ഗുരുതര പരുക്കുകളോടെ റോഡരികിൽ കിടന്ന സാനിയെ അതുവഴി എത്തിയ ചിലരാണ് ഒരു ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സുഹൃത്തുക്കൾ എത്തി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏകദേശം രണ്ടു മണിക്കൂറോളം വൈകിയിരുന്നു.
പരിശോധനയിൽ ഒൻപതു വാരിയെല്ലുകൾ ഒടിയുകയും തോളെല്ലുകൾ പൊടിയുകയും ചെയ്തതായി കണ്ടെത്തി. നട്ടെല്ലിൽ മാത്രം മൂന്നിടത്ത് പൊട്ടലേറ്റു.
ഒരു ഡിസ്ക് പൂർണമായും തകരുകയും രണ്ട് ഡിസ്കുകൾ പുറത്തേക്ക് തള്ളുകയും ചെയ്തു. ചുണ്ട് പൊട്ടിയും നാലു പല്ലുകൾ ഇളകിയുമാണ് പരുക്കേറ്റത്.
നാലു ദിവസം വെന്റിലേറ്ററിലും ഒൻപതു ദിവസം ഐസിയുവിലും കഴിഞ്ഞ ശേഷമാണ് പിന്നീട് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആഴ്ചകൾ നീണ്ട
ചികിത്സയ്ക്ക് ശേഷമാണ് വീട്ടിലേക്ക് എത്താൻ സാധിച്ചത്. ഈ ദുരിതകാലത്തിനിടയിൽ നിരവധി തവണ ബന്ധപ്പെട്ടിട്ടും റാപ്പിഡോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സാനി വ്യക്തമാക്കുന്നു.
ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി കമ്പനി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റാപ്പിഡോയിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ല. ഒടുവിൽ സുഹൃത്ത് നേരിട്ടെത്തി അധികൃതരെ കണ്ടപ്പോൾ ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
സാനി സഞ്ചരിച്ച ബൈക്കിന് ടാക്സി പെർമിറ്റ് ഇല്ലായിരുന്നു എന്നതായിരുന്നു അവരുടെ ആദ്യ ന്യായീകരണം. പിന്നീട് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുകയും വക്കീൽ നോട്ടിസ് അയക്കുമെന്ന് ഇമെയിൽ വഴി അറിയിക്കുകയും ചെയ്തതോടെയാണ് കമ്പനി മറുപടിയുമായി രംഗത്തെത്തിയത്.
മൈക്രോ ഇൻഷുറൻസ് ആപ്പിലൂടെ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു ഒരു മറുപടി. എന്നാൽ അതിനുശേഷം കൃത്യമായ ആശയവിനിമയങ്ങൾ ഒന്നും ഉണ്ടായില്ല.
ആർക്കും വെറും അഞ്ചു മിനിറ്റിൽ റാപ്പിഡോ ആപ്പ് ഡൗൺലോഡ് ചെയ്ത് ‘ക്യാപ്റ്റൻ ഓപ്ഷൻ’ വഴി വാഹനം ഓടിക്കാമെന്നിരിക്കെ, സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഉറപ്പുമില്ലെന്നാണ് കമ്പനി ഉദ്യോഗസ്ഥൻ പിന്നീട് നൽകിയ വിശദീകരണം. സ്ത്രീകൾക്കായി ആപ്പിൽ വിമൻ സേഫ്റ്റി ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും അത് നോക്കിയാണ് വാഹനം തിരഞ്ഞെടുത്തതെന്നും സാനികൃഷ്ണ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ വാഹനമോടിക്കുന്നവരെക്കുറിച്ച് പോലും ഉത്തരവാദിത്തമില്ലാത്ത കമ്പനിക്ക് എങ്ങനെയാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകുക? ചികിത്സയ്ക്കായി മാത്രം ഇതിനോടകം 25 ലക്ഷത്തിലേറെ രൂപ ചെലവായിക്കഴിഞ്ഞു. മൈക്രോ ഇൻഷുറൻസ് വഴി നഷ്ടപരിഹാരം നൽകുമെന്നും എന്നാൽ കമ്പനി ഇതിൽ നേരിട്ട് ഇടപെടില്ലെന്നുമാണ് സുഹൃത്തുക്കൾ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.
ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തയാറാണെന്ന് അഭിഭാഷകൻ വഴി അറിയിച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഒറ്റ നിമിഷത്തിൽ മാറിമറിഞ്ഞ ജീവിതം ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് സാനിയുടെ ജീവിതത്തെ തകിടംമറിച്ച അപകടം സംഭവിക്കുന്നത്.
നന്നായി പാട്ടുപാടിയും നൃത്തം ചെയ്തും യാത്രകളെ ഏറെ സ്നേഹിച്ചും നിരവധി സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന ഒരു യുവതിയുടെ ജീവിതമാണ് ഒരു നിമിഷം കൊണ്ട് വഴിമാറിയത്. ഈ അപകടത്തോടെ സാനിയുടെ കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
വിരമിച്ച അച്ഛൻ സനൽകൃഷ്ണനും വീട്ടമ്മയായ നിഷയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. അച്ഛന്റെയും സഹോദരന്റെയും സ്വന്തം സമ്പാദ്യവുമടക്കം കഴിഞ്ഞ 11 വർഷത്തെ സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചുകഴിഞ്ഞു.
നിലവിലും എല്ലാ ആഴ്ചയിലും ചെക്കപ്പുകൾക്കും മറ്റുമായി വലിയ തുക ചെലവാകുന്നുണ്ട്. തുടർചികിത്സയ്ക്കായി ഇനിയും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സാനി ഇന്ന് ഒരു മുറിക്കുള്ളിലേക്ക് ഒതുങ്ങിപ്പോയിരിക്കുകയാണ്. മൂന്നു മാസം പൂർണമായും കിടപ്പിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും കഠിനമായ നിശ്ചയദാർഢ്യത്തോടെ ഫിസിയോതെറപ്പി അടക്കമുള്ളവ ചെയ്ത് ഇപ്പോൾ കട്ടിലിൽ ചാരിയിരിക്കാവുന്ന അവസ്ഥയിലേക്ക് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
ഇനിയൊരാൾക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നാണ് സാനിയുടെ ആഗ്രഹം. ഇതിനായി നിയമപരമായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും സാനി വ്യക്തമാക്കുന്നു.
മികച്ച ചികിത്സ ലഭ്യമായാൽ പഴയതിനേക്കാൾ ആത്മവിശ്വാസത്തോടെ തിരികെ ജോലിയിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ യുവതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

