കോഴഞ്ചേരി∙ വർഷങ്ങളുടെ പഴക്കമുള്ള ദേവസ്വം ബോർഡ് ഓഫിസ് ഇടിഞ്ഞു വീഴാറായിട്ടും ബോർഡ് അധികൃതർക്ക് അനക്കമില്ല. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫിസ് കെട്ടിടത്തിനാണ് ഈ ദുർഗതി .
ഓടിട്ട കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്.
മേൽക്കൂരയിലെ തടികൾ ദ്രവിച്ച് ഒടിഞ്ഞു വീണതോടെ പല ഭാഗത്തും ഓടുകൾ ഇല്ലാതായി. അതിനാൽ മഴവെള്ളം മുറികൾക്ക് ഉള്ളിലേക്കാണു പതിക്കുന്നത്.
ജനാലകളുടെ കതകുകൾ ഇളകിയ നിലയിലാണ്.
ഏതു നിമിഷവും താഴെ പതിക്കാവുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ജീവനക്കാർ വസ്ത്രം മാറുന്നതും വിശ്രമിക്കുന്നതും. ഓഫിസ് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് ഭക്തരും കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന ഉപദേശകസമിതിയും ദേവസ്വം ബോർഡ് അധികാരികൾക്കു പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും അതൊന്നും പരിഗണിക്കാൻ ആരും ശ്രമിച്ചില്ല.
വർഷങ്ങൾക്കു മുൻപ് ഇവിടെ സ്റ്റേജ് നിർമിച്ചതോടെ അതിന്റെ ഗ്രീൻ റൂമിലേക്ക് ഓഫിസിന്റെ പ്രവർത്തനം മാറ്റുകയാണു പകരമായി ചെയ്തത്. കലാപരിപാടികൾ നടക്കുന്ന സമയത്ത്, ഓഫിസായി പ്രവർത്തിക്കുന്ന ഗ്രീൻ റൂമിനു പകരം വേറെ സ്ഥലത്ത് പ്രത്യേകം കെട്ടി മറച്ചു സൗകര്യം ചെയ്തു കൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മകരവിളക്കിനു ചാർത്താൻ പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തിരുവാഭരണ പേടകം ആദ്യദിവസം രാത്രി ഇവിടെയാണ് തങ്ങുന്നത്.
പേടകത്തിന് ഒപ്പം കാൽനടയായി പോകുന്ന ഒട്ടേറെ ഭക്തരും തങ്ങുന്ന ഇവിടെ വേണ്ടത്ര സൗകര്യങ്ങൾ ബോർഡ് ഒരുക്കാറില്ലെന്നും പരാതി ഉയരുന്നുണ്ട്.28 ദിവസത്തെ പടയണിയും 10 ദിവസത്തെ ഉത്സവവും നടക്കുന്ന ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫിസറും ഇല്ലാതായിട്ടു നാളുകളായി. പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തിലെ ഓഫിസർക്കാണ് ഇവിടുത്തെ ചാർജ് കൂടി നൽകിയിരിക്കുന്നത്.
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വന്നുപോകുന്ന ഇവർക്കു ജോലി ഭാരം കൂടുതലാകുന്നതിനാൽ ക്ഷേത്ര കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.28 കരകളുടെ അധീനതയിൽ ഉണ്ടായിരുന്ന ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതോടെ പ്രതിസന്ധികളിലേക്കു പതിച്ചെന്നും അടിയന്തരമായി ഓഫിസ് കെട്ടിടം നിർമിക്കണമെന്നുമാണു ഭക്തജന പ്രതിനിധികൾ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

