ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപകർ ഒഴുകിയെത്തുന്നതിന് തടസ്സമായി നിൽക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന്, നിലവിലുള്ള നികുതി ഘടന പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. അടുത്ത ബജറ്റ് വരെ നീട്ടിക്കൊണ്ടുപോകാതെ, വരാനിരിക്കുന്ന ദീപാവലിക്ക് മുൻപ് തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മേൽ ചുമത്തുന്ന ദീർഘകാല മൂലധന നേട്ട നികുതിയിലാണ് (എൽടിസിജി) സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മുന്നേറ്റങ്ങൾക്ക് ഈ സുപ്രധാന നീക്കം കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എന്താണ് എൽടിസിജി? ഒരു ഓഹരിയോ മ്യൂച്വൽ ഫണ്ടോ 12 മാസത്തിലധികം കൈവശം വെച്ചതിന് ശേഷം വിൽപന നടത്തുകയും, അതുവഴി ഒരു സാമ്പത്തിക വർഷത്തിൽ 1.25 ലക്ഷം രൂപയിൽ അധികം ലാഭം നേടുകയും ചെയ്യുമ്പോൾ നൽകേണ്ടിവരുന്ന നികുതിയാണിത്.
ലഭിക്കുന്ന ലാഭത്തിന്റെ 12.5 ശതമാനമാണ് നിലവിലെ നികുതി നിരക്ക്. മുൻപ് ഒരു ലക്ഷം രൂപ വരെ ലാഭമുണ്ടായാൽ 10 ശതമാനമായിരുന്നു എൽടിസിജി നിരക്ക്.
എന്നാൽ 2024 ജൂലൈ മാസത്തിൽ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിരക്ക് ഉയർത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികൾക്ക് മാത്രമാണ് ഈ നികുതി ബാധകമായിട്ടുള്ളത്.
അൺലിസ്റ്റഡ് വിപണിയിലെ ഓഹരികൾക്ക് ഈ നികുതി ബാധകമല്ല. മാറ്റം വരുത്താനുള്ള കാരണം ദീർഘകാല മൂലധന നേട്ട
നികുതി ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെ കണ്ടെത്തൽ. നടപ്പു സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ വിപണിയിൽ നിന്ന് ഏകദേശം 3 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാൻ കാരണം ഈ ഉയർന്ന നികുതിയാണെന്ന ആക്ഷേപവും ശക്തമാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ സെബി, സിബിഡിടി, പ്രമുഖ ബാങ്കുകൾ എന്നിവയുമായി കേന്ദ്രസർക്കാർ ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയുടെ ആഗോള മത്സരക്ഷമത നിലനിർത്താനും വിദേശ നിക്ഷേപകരെ വീണ്ടും ആകർഷിക്കാനും എൽടിസിജിയിൽ ഇളവുകൾ വരുത്തേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ ഏജൻസികൾ സമർപ്പിച്ച ശുപാർശകൾ ധനമന്ത്രാലയം ഇപ്പോൾ സജീവമായി പരിശോധിച്ചുവരികയാണെന്നും ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ എന്തൊക്കെ? നിലവിൽ യുഎസ്, യുകെ, സിംഗപ്പൂർ, ഹോങ്കോങ്, യുഎഇ, ജപ്പാൻ, കാനഡ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ എൽടിസിജി ഈടാക്കുന്നില്ല.
ചൈനയിലാകട്ടെ ചില പ്രത്യേക ഓഹരികൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ട്. മറ്റു വിഭാഗങ്ങൾക്ക് 10 ശതമാനമാണ് എൽടിസിജി.
ഇന്ത്യയിലും സമാനമായ രീതിയിൽ കുറഞ്ഞ നികുതി നിരക്ക് നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നാൽ, രാജ്യത്തേക്ക് വിദേശ നിക്ഷേപം വൻതോതിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഓഹരി വിപണിക്ക് പുതിയ കുതിപ്പേകുമെന്നുറപ്പാണ്.
കൂടാതെ, ഇന്ത്യൻ രൂപയുടെ മൂല്യത്തിനും ഇത് വലിയ കരുത്താകും. ഡോളർ കണക്കിലും മാറ്റങ്ങൾ വന്നേക്കാം വിദേശ നിക്ഷേപകരിൽ നിന്ന് എൽടിസിജി ഈടാക്കുന്ന രീതിയിലും ചില സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
നിലവിൽ എല്ലാ നിക്ഷേപകരുടെയും എൽടിസിജി കണക്കാക്കുന്നത് രൂപയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ രൂപയുടെ വിനിമയ നിരക്ക് തുടർച്ചയായി ഇടിയുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇതിൽ പ്രായോഗികമായ മാറ്റം വേണമെന്ന് നിരവധി വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ എൽടിസിജി കണക്കാക്കുമ്പോൾ, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവ് കൂടി പരിഗണിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളും വരാനിരിക്കുന്ന പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

