പരിമിതികളെ കായിക ആവേശംകൊണ്ട് അതിജീവിച്ച കുട്ടികളുടെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി 68-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മത്സരങ്ങള്‍. ഭിന്നശേഷി വിദ്യാര്‍ഥികളും പൊതുവിഭാഗത്തിലെ സഹപാഠികളും ഒരു ടീമായി മൈതാനത്തിറങ്ങിയ പോരാട്ടങ്ങളില്‍ 2000-ത്തിലധികം ഭിന്നശേഷി താരങ്ങളാണ് മാറ്റുരച്ചത്.
ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ കോഴിക്കോട് ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അഞ്ച് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ 56 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. രണ്ട് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കല മെഡലുമുൾപ്പെടെ 38 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനം നേടിയപ്പോൾ, ഒരു സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലമെഡലുമായി 30 പോയിന്റ് നേടിയ തൃശൂരിനാണ് മൂന്നാം സ്ഥാനം.
ഇൻക്ലൂസീവ് മത്സരങ്ങളിലെ അത്്ലറ്റിക്സ് വിഭാഗത്തിൽ പാലക്കാട് 44 പോയിന്റും കോഴിക്കോട് 42 പോയിന്റും തിരുവനന്തപുരം 32 പോയിന്റും നേടി. തിങ്കളാഴ്ച നടന്ന മത്സരങ്ങളില്‍ അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി ആകെ 18 ഇനങ്ങളില്‍ കുട്ടികള്‍ മത്സരിച്ചു.
മിക്സഡ് റിലേ (4×100 മീറ്റര്‍), മിക്സഡ് സ്റ്റാന്‍ഡിങ് ലോങ് ജമ്പ്, മിക്സഡ് സ്റ്റാന്‍ഡിങ് ത്രോ, കാഴ്ചപരിമിതരായ കുട്ടികള്‍ക്കുള്ള 100 മീറ്റര്‍ ഓട്ടം എന്നിവയായിരുന്നു അത്ലറ്റിക്സിലെ പ്രധാന ഇനങ്ങള്‍. ഗെയിംസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കായി 7 എ സൈഡ് ഫുട്ബോളും ക്രിക്കറ്റും, പെണ്‍കുട്ടികള്‍ക്കായി ഹാന്‍ഡ്ബോളും ബോച്ചെയും, കൂടാതെ മിക്സഡ് ബാഡ്മിന്റണും സംഘടിപ്പിച്ചു.
ജൂനിയര്‍ (14 വയസ്സിന് താഴെ), സീനിയര്‍ (14 വയസ്സിന് മുകളില്‍) എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയായത്. 2024-25 അധ്യയനവര്‍ഷത്തില്‍ സ്കൂള്‍ ഒളിമ്പിക്സ് മാതൃകയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന് തുടക്കം കുറിച്ചത്.
ആദ്യ സ്കൂള്‍ ഒളിമ്പിക്സില്‍ 14 ജില്ലകളില്‍ നിന്നായി 1,600-ഓളം ഭിന്നശേഷി താരങ്ങള്‍ പങ്കെടുത്തപ്പോള്‍, ഇത്തവണ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഔദ്യോഗിക ഭാഗമായാണ് മത്സരങ്ങള്‍ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എസ്.സി.ഇ.ആര്.ടി.
കേരളം, സമഗ്രശിക്ഷാ കേരളം എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ക്ലൂസീവ് സ്പോർട്സ് മാനുവല്‍ തയ്യാറാക്കിയത്. അന്താരാഷ്ട്ര കായിക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രത്യേക അനുരൂപീകരണങ്ങള്‍ വരുത്തി, മെഡിക്കല്‍ ബോര്‍ഡിന്റെ കൃത്യമായ തരംതിരിക്കലിന്റെ അടിസ്ഥാനത്തിലാണ് കായികതാരങ്ങളെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി മത്സരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

