ഔദ്യോഗിക അനുമതി തേടാതെ വിദേശയാത്ര നടത്തുകയും, സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥന് മേലധികാരികളുടെ നോട്ടീസ്. മധ്യപ്രദേശിലെ ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിലെ ബിൽഡിങ് ഓഫിസറായ രാജ്കുമാർ റാത്തോഡ് ആണ് ഭാര്യയോടൊപ്പം അനധികൃതമായി തായ്ലൻഡിലേക്ക് സന്ദർശനം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയത്.
കോർപ്പറേഷന്റെ 1, 2, 3 സോണുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് രാജ്കുമാർ റാത്തോഡ്. ഔദ്യോഗിക പര്യടന അനുമതി നേടാതെയായിരുന്നു ഇദ്ദേഹത്തിന്റെ തായ്ലൻഡ് യാത്ര.
ഇതിനിടെ, യാത്രയുടെ ഭാഗമായി തായ്ലൻഡിൽ എത്തിയ ഉദ്യോഗസ്ഥന്റെ ഭാര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ദൃശ്യമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. “തായ്ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് റാത്തോഡിന്റെ ഭാര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായതോടെയാണ് ഉദ്യോഗസ്ഥൻ അനുമതിയില്ലാതെയാണ് വിദേശത്ത് പോയ വിവരം സഹപ്രവർത്തകരും ഓഫിസ് അധികാരികളും അറിയുന്നത്. തുടർന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ രാജ്കുമാർ റാത്തോഡിന് മേലധികാരികൾ കാരണം കാണിക്കൽ നോട്ടിസ് നൽകുകയായിരുന്നു.
ഒക്ടോബർ 19 മുതൽ 23 വരെ ഇദ്ദേഹം അവധിയെടുത്തിരുന്നുവെന്ന് മുനിസിപ്പൽ കമ്മിഷണർ വ്യക്തമാക്കി. എന്നാൽ അവധി അപേക്ഷയിൽ താൻ വിദേശത്തേക്ക് പോകുകയാണെന്ന കാര്യം റാത്തോഡ് രേഖപ്പെടുത്തിയിരുന്നില്ല.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ വകുപ്പുതല നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

