പത്തനംതിട്ട ∙ ശബരിമലയിലെ സ്വർണക്കവർച്ചക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി.സുധീഷ് കുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഒരുമിച്ചു ചോദ്യം ചെയ്തതിന്റെ പിന്നാലെയാണിത്. അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്കു നീങ്ങുമ്പോൾ സിപിഎം നേതൃത്വം സമ്മർദത്തിലായി.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ നാലാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതി വാസുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല.
വാസുവിന്റെ കസ്റ്റഡിയിലേക്കു നീങ്ങിയാൽ കാര്യങ്ങൾ കൈവിടുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്. ശബരിമലയിലെ സ്വർണ പാളികൾ ആദ്യമായി ചെമ്പെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണ്.
പിന്നീട് ദ്വാരപാലക ശിൽപപാളികളുടെ കാര്യത്തിൽ ഇതേ തട്ടിപ്പ് ചെയ്ത മുരാരി ബാബു അറസ്റ്റിലായിട്ടും വാസുവിന് എസ്ഐടി ഇളവു നൽകിയത് എന്തിനാണെന്ന ചോദ്യമുയരുന്നുണ്ട്.
അതിനാൽ ഇത്തവണത്തെ ചോദ്യം ചെയ്യലിൽ അറസ്റ്റുണ്ടായേക്കുമെന്നാണു സൂചന.
തദ്ദേശതിരഞ്ഞെടുപ്പിന്റെ സമയത്ത് സ്വർണക്കവർച്ചക്കേസിൽ വലിയ സംഭവങ്ങളുണ്ടായാൽ പ്രത്യാഘാതം പത്തനംതിട്ടയിൽ ഒതുങ്ങുന്നതല്ലെന്നു സിപിഎം നേതൃത്വത്തിനു ബോധ്യമുണ്ട്. ശബരിമല സ്ത്രീ പ്രവേശന സമയത്തെ വിവാദങ്ങളും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സിപിഎം മറന്നിട്ടില്ല.
7 വർഷം മുൻപ് ശബരിമല സ്ത്രീ പ്രവേശന സമയത്തെ സമരത്തിന്റെ ചിത്രങ്ങൾ ബിജെപി പ്രവർത്തകർ ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.
2019 ൽ സ്വർണക്കവർച്ച നടന്ന സമയത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്.
തുടർന്നു പ്രസിഡന്റായ വാസുവും സിപിഎം നോമിനി തന്നെ. സിപിഎമ്മിന്റെ പഞ്ചായത്ത് സെക്രട്ടറിയും 2006 ലെ എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രി ഗുരുദാസന്റെ പഴ്സനൽ സ്റ്റാഫ് അംഗവുമായി വാസു പ്രവർത്തിച്ചു.
ദേവസ്വം ബോർഡിൽ 2 തവണ കമ്മിഷണറും പിന്നീട് ബോർഡ് പ്രസിഡന്റുമായി.
തുടക്കത്തിൽ അറസ്റ്റിലായ മുരാരി ബാബു സിപിഎം അനുകൂല സംഘടനാ പ്രവർത്തകനാണ്. സുധീഷ് കുമാറാകട്ടെ വിരമിച്ചശേഷം പ്രാദേശികമായി സജീവ സിപിഎം പ്രവർത്തകനാണ്.
സംഘടനാ ഭാരവാഹിത്വത്തിലേക്കു പോലും പരിഗണിച്ചിരുന്നു. പുറത്തുവന്ന ക്രമക്കേടുകളെല്ലാം നടന്നത് എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ്. അതിനാൽ അന്വേഷണം ആരിലേക്കെത്തിയാലും സർക്കാരിനു ക്ഷീണമാകും.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ബോർഡ് എട്ടാം പ്രതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

