മൂന്ന് പഞ്ചായത്തുകളുടെ പരിധിയിലായി ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ റാണി ലക്ഷ്മിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫിസർ, ജില്ലാ ജോയിന്റ് ഡയറക്ടർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ നടപടി സ്വീകരിച്ചിരിക്കുന്നത്.
സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലായി നടപ്പിലാക്കിയ ലൈഫ് ഭവന നിർമാണം, വീട് അറ്റകുറ്റപ്പണി, ഈസി കിച്ചൻ, ശുചിമുറി നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരുകൾ വ്യാജമായി ഉൾപ്പെടുത്തിയാണ് അര കോടിയോളം രൂപ വകമാറ്റി ചെലവഴിച്ചത്. തണ്ണിത്തോട് പഞ്ചായത്തിൽ ലഭിച്ച ഔദ്യോഗിക പരാടിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ, ഉദ്യോഗസ്ഥ സീതത്തോട് പഞ്ചായത്തിലും ജോലി ചെയ്തിരുന്ന കാലയളവിലെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് വൻതോതിലുള്ള ക്രമക്കേടുകൾ പുറത്തുവന്നത്.
റാണി ലക്ഷ്മിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപവും സാമ്പത്തിക തിരിമറിയും ധനാപഹരണവുമാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ നേരത്തെ പത്തനംതിട്ട
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന ക്രമക്കേടുകൾ താഴെ പറയുന്നവയാണ്: 1.
ലൈഫ് ഭവന നിർമാണം (പ്രോജക്ട് നമ്പർ–143/2025–26) പദ്ധതി പ്രകാരം 41,70000 രൂപ പദ്ധതിയുടെ ഗുണഭോക്താവ് അല്ലാത്ത വ്യക്തികൾക്ക് നൽകി.
2. ലൈഫ് ഭവന നിർമാണം (പ്രോജക്ട് നമ്പർ–87/2024–25) പദ്ധതി പ്രകാരം 8,45,000 രൂപ ഗുണഭോക്താവ് അല്ലാത്ത വ്യക്തികൾക്ക് കൈമാറി.
3.
2024–25 സാമ്പത്തിക വർഷം പദ്ധതിയുടെ ഗുണഭോക്താവ് അല്ലാത്ത വ്യക്തികൾക്ക് 17,78,000 രൂപ നൽകി.
4. പ്രോജക്ട് നമ്പർ 140,148,230 എന്നീ പദ്ധതി ഫയലുകളിൽ 1,25000 രൂപയുടെ ക്രമക്കേട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

