ബിഗ് ബോസ് മലയാളം വേദിയിലേക്ക് പുതിയൊരു മത്സരാർത്ഥി കൂടി എത്തുന്നു. തിരുവനന്തപുരം സ്വദേശിയായ ഗൗതം ശശി ആണ് ഇത്തവണ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നത്.
തന്റെ തനതായ സംസാരശൈലിയിലൂടെയും നർമ്മം തുളുമ്പുന്ന വാക്കുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഗൗതമിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് തരംഗമായി മാറിയ ക്ലബ്ഹൗസ് ആപ്പിലെ ‘മലയാളി ഹൗസ്’ ഗ്രൂപ്പിലൂടെയാണ് ഗൗതം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
സംസാരത്തിലെ നിഷ്കളങ്കതയും വേഗതയും തമാശയും ആ കൂട്ടായ്മ പെട്ടെന്ന് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പ്രമുഖ ചിരിപ്രോഗ്രാമായ ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’യുടെ പ്രൊഡ്യൂസർ ശ്രുതി പിള്ളയുടെ ശ്രദ്ധയിൽ ഗൗതമിന്റെ സംസാരം എത്തുകയും പരിപാടിയിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു.
ആദ്യം തന്നെ ആരോ പറ്റിക്കുന്നതാണെന്ന് കരുതി കൊച്ചിയിലേക്ക് തിരിച്ച ഗൗതം, പിന്നീട് കൊച്ചിയിലെത്തിയപ്പോഴാണ് സംഭവം കാര്യമാണെന്ന് തിരിച്ചറിയുന്നത്. അവിടെയും തന്റെ തമാശ ശൈലി കൈവിടാതെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗൗതമിന് കഴിഞ്ഞു.
കാര്യങ്ങളെ വളരെ ലളിതമായി കാണാനുള്ള അദ്ദേഹത്തിന്റെ പ്രകൃതം ബിഗ് ബോസ് വീട്ടിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് മത്സരാർത്ഥികളുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കാനും ഒപ്പമുള്ളവരുടെ പിന്തുണ നേടാനും ഗൗതമിന് സാധിച്ചേക്കുമെന്ന് കരുതപ്പെടുന്നു.
മുൻപ് ടെലിവിഷൻ വേദികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഗൗതം ബിഗ് ബോസ് വീട്ടിൽ എത്തുമ്പോൾ കളി എങ്ങനെയൊക്കെ മാറുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

