ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെക്കപ്പെടുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് എഎപി പഞ്ചാബ് മീഡിയ ഇൻ-ചാർജ് ബാൽതേജ് പന്നു സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിലക്കുകളെ അവഗണിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മൻ പാരീസിലേക്ക് പോയതെന്ന് പന്നു കൂട്ടിച്ചേർത്തു. ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പഞ്ചാബിലെ പ്രശസ്തമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായാണ് അദ്ദേഹം ഫ്രാൻസ് സന്ദർശിച്ചത്.
എന്നാൽ പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഗേജ് പരിശോധനയുടെ പേരിൽ മുഖ്യമന്ത്രിയെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിപ്പിച്ചു.
തുടർന്ന് അദ്ദേഹം പുറത്തിറങ്ങാൻ നേരം ഉദ്യോഗസ്ഥർ ഓടിയെത്തി ‘മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്’ ഈ നടപടിയെന്ന് അറിയിക്കുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് എഎപി ആരോപിക്കുന്നു. എന്നാൽ ലഗേജിൽ കൊണ്ടുവന്ന ചില വസ്തുക്കൾ കൃത്യമായി പ്രഖ്യാപിക്കാത്തതിനാലാണ് മുഖ്യമന്ത്രിക്ക് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 50,000 രൂപ പിഴ ചുമത്തിയതെന്ന് ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നു.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന സ്റ്റാഫിന്റെ ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് രൂപപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് വിമർശിച്ചു. എന്നാൽ അനുവദനീയമായതിനേക്കാളും കൂടുതൽ ലഗേജോ പണമോ കൊണ്ടുവന്നതിനാണ് മന്നും ഭാര്യ ഗുർപ്രീത് കൗറും ചോദ്യം ചെയ്യപ്പെട്ടതെന്ന് ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി വിക്രം സിംഗ് മജീതിയ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

