അറിവിന്റെയും കലകളുടെയും ലോകത്തിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന വിജയദശമി ദിനത്തിൽ സംസ്ഥാനമെമ്പാടും വിപുലമായ ചടങ്ങുകൾക്ക് തുടക്കമായി. പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വലിയ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.
വിജയദശമി ദിനമായ ബുധനാഴ്ച പുലർച്ചെ 3.30-നാണ് നട തുറന്നത്.
പൂജയെടുപ്പ് ചടങ്ങുകൾക്ക് ശേഷമാണ് വിദ്യാരംഭത്തിന് തുടക്കമായത്. വൈകിട്ട് 4 മണിവരെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
സരസ്വതീ നടയോട് ചേർന്ന് എഴുത്തിനിരുത്താൻ മാത്രമായി പ്രത്യേക വിദ്യാമണ്ഡപവും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 40 ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകരാനായി ഇവിടെ സന്നിഹിതരായിട്ടുള്ളത്.
വിദ്യാരംഭത്തോടൊപ്പം വിവിധ സംഗീതാർച്ചനകളും മറ്റ് കലാപരിപാടികളും ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നുണ്ട്. സംഗീതം, മോഹിനിയാട്ടം, തിരുവാതിര, ഭരതനാട്യം തുടങ്ങിയവയും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.
പ്രശസ്തമായ കൊല്ലൂർ മൂകാംബിക ദേവിയുടെ സന്നിധിയിലും പുലർച്ചെ 4 മണിക്ക് നട തുറന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി.
വാഗ്ദേവതയായ മൂകാംബികയുടെ അനുഗ്രഹം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികളാണ് കൊല്ലൂരിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. ഉച്ചയോടെ ഇവിടുത്തെ വിദ്യാരംഭ ചടങ്ങുകൾ സമാപിക്കും.
വിവിധ കലാപരിപാടികളിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കാനായും നിരവധി പേരാണ് കൊല്ലൂരിൽ എത്തിച്ചേർന്നിട്ടുള്ളത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടുകൂടി ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് കൊല്ലൂരിൽ ഔദ്യോഗിക പരിസമാപ്തിയാകും.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വ്യാസന്റെ നട, പൂജപ്പുര സരസ്വതി ക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു.
ജില്ലയിലെ മറ്റു പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള വിപുലമായ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. മലപ്പുറം തിരൂരിലെ പ്രശസ്തമായ അക്ഷരമുറ്റമായ തുഞ്ചൻ പറമ്പിലും വിദ്യാരംഭത്തിനായി വിപുലമായ തയാറെടുപ്പുകളാണ് നടപ്പിലാക്കിയിട്ടുള്ളത്.
ആയിരക്കണക്കിന് കുരുന്നുകളാണ് ഹരിശ്രീ കുറിക്കാനായി ഇവിടെ എത്തിച്ചേരുന്നത്. പ്രമുഖരായ സാംസ്കാരിക നായകരുടെയും എഴുത്തുകാരുടെയും നേതൃത്വത്തിലാണ് കുട്ടികളെ ഇവിടെ എഴുത്തിനിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

