പാലക്കാട് ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ജില്ലയിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
മരണപ്പെട്ടവർ, സ്ഥിരമായി സ്ഥലത്തില്ലാത്തവർ, മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിങ്ങനെ 1.86 ലക്ഷം പേരെയാണു പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 11,006 പേർ രണ്ട് മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചതായും കണ്ടെത്തി.
ഇവരെയും ഒഴിവാക്കി. ജില്ലയിലെ 92% വോട്ടർമാരെയും 2002ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിഞ്ഞതായി കലക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടു കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാക്കിയുള്ള 8% പേരുടെ വിവരങ്ങൾ കൂടി മാപ്പ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്.
അതു കൂടി പൂർത്തിയാക്കി 23നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. ഫോമുകൾ പൂരിപ്പിച്ച് ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസർമാർക്കു നൽകണമെന്നു കലക്ടർ നിർദേശിച്ചു.
ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫോം വാങ്ങാൻ തയാറാകാത്തവരോ വാങ്ങിയിട്ടും തിരികെ നൽകാൻ വിസമ്മതിച്ചവരോ ആയവരെ കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഫോം 7 മുഖേന പട്ടികയിൽ ചേർക്കാൻ അവസരമുണ്ടാകും.
ജില്ലയിലെ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ 100 ശതമാനം പൂർത്തിയാക്കിയതായും കലക്ടർ പറഞ്ഞു. മാപ്പിങ് കൃത്യസമയത്തു നടപ്പാക്കിയ ബിഎൽഒമാരെ അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ.ടോംസ്, കെ.ഷംന, കെ.കിഷോർ എന്നിവർ പ്രസംഗിച്ചു.
പരിശോധിക്കാം എസ്ഐആറിന്റെ ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പരിശോധിക്കാം.
www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത് എന്നിവ നൽകി പട്ടിക പരിശോധിക്കാം. ഒഴിവാക്കിയതിന്റെ കാരണങ്ങളും അറിയാം. ബിഎൽഒമാരുടെ കയ്യിലും ഇതിന്റെ കോപ്പിയുണ്ടാകും. പേര് ചേർക്കാം, തിരുത്താം സമഗ്ര വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും 23 മുതൽ ജനുവരി 22 വരെ അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
ആശങ്കയെന്ന് നേതാക്കൾ ജില്ലയിലെ 1.86 ലക്ഷത്തോളം പേർ സമഗ്ര വോട്ടർ പട്ടികയിൽ നിന്നു പുറത്താകുന്നതിൽ ആശങ്കയെന്നു വിവിധ രാഷ്ട്രീയ നേതാക്കൾ. കണ്ടെത്താൻ കഴിയാത്ത (Untraceable) വോട്ടർമാരുടെ പട്ടികയിലാണ് ആശങ്ക പങ്കുവച്ചത്. അതേസമയം, ആശങ്ക വേണ്ടെന്നും വോട്ടവകാശമില്ലാത്ത വരെ മാത്രമേ നീക്കം ചെയ്യുകയുള്ളൂവെന്നും കലക്ടർ അറിയിച്ചു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മറ്റു പരാതികൾ പരിശോധിക്കുമെന്നും കലക്ടർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

