മണ്ണാർക്കാട്∙ മണ്ണാർക്കാട് മേഖലയിൽ കുന്നിടിക്കൽ വ്യാപകം. ഒരു മാസത്തിനിടെ മണ്ണാർക്കാട് നിന്നു കടത്തിയത് ആയിരത്തിലേറെ ലോഡ് മണ്ണ്.
ചെറുതും വലുതുമായ കുന്നുകൾ ഒരു നിയന്ത്രണവും ഇല്ലാതെയാണ് നിരത്തുന്നത്. മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായാണു മണ്ണു കടത്തുന്നത്.
മണ്ണുമാന്തികൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്ന കുന്നുകൾ വലിയ ടോറസ് വാഹനങ്ങളിലാണു കടത്തുന്നത്.
പ്രതിദിനം നാൽപതിലേറെ ടോറസ് ലോറികളിലായി നൂറുകണക്കിനു ലോഡ് മണ്ണാണ് മണ്ണാർക്കാട് നിന്നു കടത്തുന്നത്. മണ്ണു കടത്തുന്ന ലോറികളിൽ ‘ഓൺ ബിപിസിഎൽ ഡ്യൂട്ടി’ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
മണ്ണെടുക്കാൻ ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്നാണു മണ്ണെടുപ്പിനു നേതൃത്വം നൽകുന്നവർ പറയുന്നത്.
ചെറിയ ഭാഗത്തെ മണ്ണെടുക്കാൻ അനുവദിക്കുന്ന പാസിന്റെ മറവിൽ ഒരു പ്രദേശത്തെയാകെ മണ്ണ് എടുക്കുന്നുണ്ടെന്ന പരാതിയാണ് ഉയരുന്നത്. അനുവദിച്ച പാസുകൾ ആസൂത്രിതമായാണ് ഉപയോഗിക്കുന്നത്.
ഒരു പാസിൽ തന്നെ ഒട്ടേറെ ലോഡുകളാണു കടത്തുന്നത്. കാരാകുർശ്ശി പഞ്ചായത്തിൽ പള്ളിക്കുറുപ്പ് കോളപ്പാകം ഭാഗത്ത് വലിയതോതിൽ മണ്ണെടുപ്പു തുടരുകയാണ്.
രാപകലില്ലാതെയാണു മണ്ണു കടത്തുന്നത്. അരപ്പാറ ഭാഗത്തു നിന്നു മണ്ണു കടത്തുന്നുണ്ട്.
കഞ്ചിക്കോട് ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ പദ്ധതിക്കുള്ള സ്ഥലം ഒരുക്കുന്നതിനാണു മണ്ണു കടത്തുന്നതെന്നാണു കടത്തുകാർ പറയുന്നത്.
കാരാകുർശി പഞ്ചായത്തിൽ രണ്ടു പേർക്കു ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. 16 ടൺ ശേഷിയുള്ള ടോറസിന് 871 ലോഡിനും 10 ടണ്ണിന്റെ ടോറസിന് 475 ലോഡിനും അനുമതി നൽകിയിട്ടുണ്ടെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്.
ഇതിൽ കൂടുതൽ മണ്ണ് എടുക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നു ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.
സമീപത്തെ സ്ഥലങ്ങൾക്കും താമസക്കാർക്കും ഭീഷണിയാകുന്ന വിധത്തിലാണ് മണ്ണെടുപ്പ്. റവന്യു അധികൃതരോടു പരാതി പറയുമ്പോൾ ജിയോളജി വകുപ്പാണ് അനുമതി നൽകിയതെന്നു പറഞ്ഞു കൈമലർത്തുകയാണ്.
ഈ നില തുടർന്നാൽ മണ്ണാർക്കാട്ടെ കുന്നുകൾ ഏതാനും ദിവസങ്ങൾക്കകം അപ്രത്യക്ഷമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

