നടപ്പുവർഷത്തെ ആദ്യ ത്രൈമാസത്തിൽ രാജ്യം കൈവരിച്ച 7.8 ശതമാനം ജിഡിപി വളർച്ചയെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാദപ്രതിവാദങ്ങൾ സജീവമാകുന്നതിനിടയിൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ യഥാർത്ഥ വളർച്ച നിരക്ക് 2.6 ശതമാനം മാത്രമാണെന്നും കേന്ദ്ര സർക്കാർ കണക്കുകൾ തെറ്റാണെന്നും മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെട്ടിരുന്നു.
ഈ പ്രസ്താവന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ രാജ്യത്ത് സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം ചിലർക്ക് അസൂയ ഉണ്ടാക്കുന്നുണ്ടെന്ന രൂക്ഷമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
2013 വരെ തകർച്ചയുടെ വക്കിലായിരുന്ന ദുർബല സമ്പദ്വ്യവസ്ഥയുടെ പട്ടികയിലുണ്ടായിരുന്ന ഇന്ത്യ കൈവരിച്ച ഈ നേരം ചിലർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് മോദി ഒരു പൊതുചടങ്ങിൽ തുറന്നടിച്ചിരുന്നു. 2017-19 കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഗാർഗ്.
2019-ൽ ഊർജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് അദ്ദേഹം സ്വയം വിരമിക്കുകയാണുണ്ടായത്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗാർഗ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള നയതന്ത്ര സമീപനങ്ങളാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഗോവയിൽ ദ്വിദിന സന്ദർശനം നടത്തുന്നതിനിടയിൽ പൊതുചടങ്ങിൽ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി. റഷ്യ-ഉക്രെയ്ൻ സംഘർഷം, ഇറാൻ-യുഎസ് യുദ്ധം തുടങ്ങിയ ആഗോള പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ സർക്കാരിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി 22 രാജ്യങ്ങൾ സന്ദർശിക്കുകയും 15 രാഷ്ട്രത്തലവന്മാർ ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. ആഗോള സമ്പദ്വ്യവസ്ഥ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോൾ, നിരവധി രാജ്യങ്ങളുമായി തന്ത്രപരമായ വ്യാപാര കരാറുകളിൽ ഏർപ്പെടാൻ ഇന്ത്യക്ക് സാധിച്ചുവെന്നും ഇത് ജിഡിപി വളർച്ചയെ കൂടുതൽ കരുത്തുറ്റതാക്കിയെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രതിരോധം, നിക്ഷേപം, ഊർജം, സാമ്പത്തിക സഹകരണം, വാണിജ്യം തുടങ്ങിയ മേഖലകളിൽ വിവിധ രാജ്യങ്ങളുമായി കരാറുകൾ ഒപ്പിടാൻ സാധിച്ചിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളുമായി പ്രത്യേക വ്യാപാര കരാറുകളിലെത്താനും ഇന്ത്യക്ക് കഴിഞ്ഞു.
രാജ്യത്തിന്റെ ‘വാക്സിൻ നയതന്ത്രം’ ആഗോളതലത്തിൽ വലിയ പ്രശംസയാണ് നേടിയെടുത്തതെന്നും, പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് വേഗത്തിൽ സഹായമെത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

