ഒറ്റപ്പാലം ∙ വാണിയംകുളത്തു ഡിവൈഎഫ്ഐ മുൻ നേതാവ് വിനേഷ് ആക്രമിക്കപ്പെട്ട കേസിൽ ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി പൊലീസിൽ കീഴടങ്ങി.
അഞ്ചാം പ്രതിയായ കവളപ്പാറ കാരക്കാട് ചീനിക്കുന്നത്ത് സി.രാകേഷ് (35) ആണു കീഴടങ്ങിയത്. അക്രമത്തിനു പ്രേരണ നൽകിയെന്ന പേരിലാണു രാകേഷിനെതിരെ കേസ്. കഴിഞ്ഞ ദിവസം പാർട്ടി അച്ചടക്കനടപടിയെടുക്കുന്നതു വരെ സിപിഎം ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായിരുന്നു രാകേഷ്.
ഷൊർണൂർ ഗണേശ്ഗിരിയിൽ ഡിവൈഎഫ്ഐ നടത്തിയ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ചു രാകേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനു താഴെ വിനേഷ് കുറിച്ച പ്രതികരണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു കേസ്.
ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ 4 പേർ നേരത്തേ പിടിയിലായിരുന്നു. വിനേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർ വി.രവികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
നടപടി നേരിട്ട
നേതാക്കളെ തള്ളിപ്പറഞ്ഞ് പാർട്ടി നേതൃത്വം
ഒറ്റപ്പാലം∙ വാണിയംകുളത്തു ഡിവൈഎഫ്ഐ മുൻ നേതാവിനെ ആക്രമിച്ച കേസിൽ സംഘടനാ നടപടി നേരിട്ട സിപിഎം നേതാക്കളെ തള്ളിപ്പറഞ്ഞും വിമർശിച്ചും പാർട്ടി നേതൃത്വം.
ഇവർക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ചുചേർത്ത പാർട്ടി അംഗങ്ങളുടെ ജനറൽബോഡി യോഗത്തിലായിരുന്നു തുറന്നുപറച്ചിൽ.
വാണിയംകുളം ടൗൺ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് ഹാരിസ്, കൂനത്തറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.സുർജിത്ത്, പാർട്ടി അംഗമായിരുന്ന കിരൺ എന്നിവരെ അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്ത നടപടിയാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തേക്കാണു സംഘടനാ നടപടിയെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി.
പകരം നൽകിയ ചുമതലകളെക്കുറിച്ചു പ്രാദേശിക നേതൃത്വവും യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ടൗൺ ബ്രാഞ്ചിന്റെ ചുമതല ലോക്കൽ കമ്മിറ്റി അംഗം കെ.പി.പ്രേമനും കൂനത്തറ വെസ്റ്റ് ബ്രാഞ്ചിന്റെ ചുമതല എം.വി.വാമനനും നൽകി. ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്നു നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കി.
പ്രതികൾക്കു സംരക്ഷണം നൽകില്ലെന്ന നിലപാടും വിശദീകരിച്ചു. നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കു യോജിച്ച നടപടിയായിരുന്നില്ല ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്ന വിമർശനവും ജില്ലാ നേതൃത്വം ഉന്നയിച്ചതായാണു വിവരം.
അക്രമസംഭവത്തിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു കേസിൽ ഉൾപ്പെട്ട
നേതാക്കൾക്കെതിരായനടപടി. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.ഗംഗാധരൻ അധ്യക്ഷനായി.
ഏരിയ കമ്മിറ്റി അംഗങ്ങളായ സി.അബ്ദുൽ ഖാദർ, കെ.പി.സുധീർ എന്നിവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

