മുതലമട പറമ്പിക്കുളം എർത്ത്ഡാം ഉന്നതിയിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ വാർത്തയാണിത്.
‘സാറിനെ കണ്ടതിൽ വലിയ സന്തോഷം…’– ബാൽരാജ് (58) മന്ത്രി ഷിബു ബേബി ജോണുമാത്രമായി നടത്തിയ വിഡിയോ കോൺഫറൻസിലൂടെ ഈ വാക്കുകൾ പങ്കുവെച്ചപ്പോൾ സന്നിഹിതരായിരുന്നവരുടെയും കണ്ണുനിറഞ്ഞു. കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്ന ബാൽരാജിന്, മന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വീണ്ടും കാഴ്ച ലഭിച്ചത്.
‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായി പറമ്പിക്കുളം എർത്ത് ഡാം ഉന്നതി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി ഷിബു ബേബി ജോൺ. കാടർ വിഭാഗത്തിൽപെട്ട
ഊരിലെ നിവാസികളുമായി സംവദിക്കുന്നതിനിടയിലാണ് ബാൽരാജിന്റെ ദുരിതാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. മുൻപ് കാഴ്ചയുണ്ടായിരുന്ന അദ്ദേഹത്തിന് വർഷങ്ങൾക്ക് മുൻപാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.
അടുത്ത ദിവസം പ്രദേശത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) നേതൃത്വത്തിൽ ഒരു മെഡിക്കൽ ക്യാംപ് നിശ്ചയിച്ചിരുന്നു. ഉൾവനത്തിലെ ഊരിൽ കഴിയുന്ന ബാൽരാജിനെ എത്രയും പെട്ടെന്ന് ഈ ക്യാംപിൽ എത്തിക്കണമെന്ന് മന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
തുടർന്ന് നടത്തിയ പരിശോധനയിൽ തിമിരമാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്തണമെന്ന മന്ത്രിയുടെ അഭ്യർഥന ഐഎംഎ അധികൃതർ സന്തോഷപൂർവ്വം അംഗീകരിക്കുകയായിരുന്നു.
തുടർന്ന് ബാൽരാജിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അദ്ദേഹത്തിന്റെ വലതുകണ്ണിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
നീണ്ട വർഷങ്ങളുടെ ഇരുട്ടിൽനിന്നാണ് ബാൽരാജ് വീണ്ടും വെളിച്ചത്തിലേക്ക് കണ്ണുതുറന്നത്.
ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ബാൽരാജ്, പറമ്പിക്കുളം വനം ഓഫിസിൽ എത്തിയാണ് മന്ത്രിയുമായി വിഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ടത്. ഈ അനുഭവത്തെക്കുറിച്ച് മന്ത്രി ഷിബു ബേബി ജോൺ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ്– ‘‘ഇതൊക്കെയാണല്ലോ ഒരു പൊതുപ്രവർത്തകന് എന്നും കാത്തുസൂക്ഷിക്കാനുള്ള അമൂല്യമായ ഓർമകൾ.’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

