മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ മരണത്തോടുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ മറുപടിയുമായി മോഹൻലാൽ. താളവട്ടം, തന്മാത്ര തുടങ്ങിയ ചിത്രങ്ങളിൽ തന്റെ കഥാപാത്രങ്ങൾ മരിച്ചപ്പോൾ ഇല്ലാത്ത പ്രതിഷേധം പേട്രിയറ്റിലെ റഹീം നായിക്കിന്റെ മരണത്തിന് ലഭിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് താരം വിശദീകരണം നൽകിയത്.
മമ്മൂട്ടി നായകനായ ചിത്രത്തിൽ കേണൽ റഹീം നായിക് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയുടെ ഒരു ഘട്ടത്തിൽ ഈ കഥാപാത്രം കൊല്ലപ്പെടുന്നത് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിരുന്നു.
ആരാധകരുടെ സങ്കൽപ്പങ്ങൾക്ക് പുറത്ത് താരങ്ങളെ അവതരിപ്പിക്കുമ്പോഴുള്ള വെല്ലുവിളിയാണ് ഇവിടെ ചർച്ചയായത്. ഗലാട്ട
പ്ലസിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ: “എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് അത് ചെയ്തത്. സിനിമ എന്നത് ഒരു രഹസ്യ പാചകക്കൂട്ട് പോലെയാണ്, അതിന്റെ വിജയം പ്രവചിക്കാനാവില്ല.
ഒരു കഥാപാത്രത്തെ ലഭിക്കുമ്പോൾ നൂറ് ശതമാനം സത്യസന്ധതയോടെ അത് ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. പേട്രിയറ്റിൽ സംഭവിച്ചത് പ്രേക്ഷകർ കഥാപാത്രത്തിൽ നിന്ന് നടനിലേക്ക് മാറിപ്പോയതാണ്.” പഴയകാല ഹിറ്റുകളായ താളവട്ടം, തന്മാത്ര തുടങ്ങിയ സിനിമകളിലെ മരണങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ ചിത്രങ്ങളുടെ വൈകാരിക തലം വളരെ ഉയർന്നതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ആ സിനിമകളിൽ കഥാപാത്രങ്ങളുടെ വളർച്ചയും വൈകാരികമായ ഗ്രാഫും കൃത്യമായിരുന്നു. അതുകൊണ്ടുതന്നെ ആ മരണം പ്രേക്ഷകർക്ക് വലിയൊരു ആഘാതമായി.
എന്നാൽ പേട്രിയറ്റിൽ എന്റേത് ഒരു ചെറിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിന്റെ വികാസമോ, എന്തിന് മരിച്ചു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദീകരണങ്ങളോ ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
ഒരുപക്ഷേ അതാവാം സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണം. സിനിമയിൽ ഒരു കഥാപാത്രത്തിന് മരിക്കാൻ പാടില്ലേ?” എന്നും മോഹൻലാൽ ചോദിക്കുന്നു.
ദൃശ്യം 3-യുടെ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

