അഗളി ∙ കൂട്ടുകൂടി കളിക്കുന്നതിനിടെ വീടിന്റെ സൺഷേഡ് വീണു മരിച്ച അട്ടപ്പാടി കരുവാര ഉന്നതിയിലെ കുരുന്നു സഹോദരങ്ങൾക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുക്കാലി കരുവാര മുഡുക ഗോത്ര ഉന്നതിയിലെ ഏഴും നാലും വയസ്സുള്ള ആദിക്കും അജ്നേഷിനും അന്ത്യാഞ്ജലിയർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് അഗളി കരുവാര ഉന്നതിയിൽ നിർമാണം പാതിയിൽ നിലച്ച വീടിന്റെ സൺഷേഡ് തകർന്നു വീണ് അജയ് – ദേവി ദമ്പതികളൂടെ മക്കളായ ആദി (7), അജ്നേഷ് (4) എന്നിവർ മരിച്ചത്.
ഇന്നലെ രാവിലെ അഗളി കുടുംബാരോഗ്യകേന്ദ്രത്തിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെയാണ് മുക്കാലിയിൽ നിന്നു 4 കിലോമീറ്റർ ദൂരെ വനാതിർത്തിയിലുള്ള ഉന്നതിയിലെത്തിച്ചത്. ഓടിക്കളിച്ചു വളർന്ന വീടിന്റെ മുറ്റത്തെ തുണിപ്പന്തലിലേക്കു കുട്ടികളുടെ മൃതദേഹങ്ങളെത്തിയപ്പോൾ കൂട്ടക്കരച്ചിലുയർന്നു.
വൈകിട്ട് ഊര് ശ്മശാനത്തിൽ സംസ്കരിച്ചു. ഐടിഡിപി പ്രോജക്ട് ഓഫിസർ കെ.എം.സാദിഖലിയും സഹപ്രവർത്തകരും അനുഗമിച്ചു. സംസ്കാരച്ചടങ്ങുകളുടെ ചെലവുകൾക്കു പുറമെ കുടുംബത്തിനു താൽക്കാലിക സമാശ്വാസത്തുകയും ഐടിഡിപി നൽകി.
വാഹനം കിട്ടിയിരുന്നെങ്കിൽ ഒരു ജീവനെങ്കിലും കിട്ടിയേനെ…
അഗളി ∙ വീടിന്റെ സൺഷേഡ് തകർന്ന് അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ യഥാസമയം വാഹനം ലഭിച്ചില്ലെന്നു പരാതി.
ശനിയാഴ്ച വൈകുന്നേരം ആറോടെ അപകടമുണ്ടായ ഉടനെ വാഹനത്തിനായി ട്രൈബൽ പ്രമോട്ടറെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു കുട്ടികളുടെ അമ്മ ദേവി പറഞ്ഞു. ഉന്നതിയിലേക്കുള്ള റോഡിൽ കോൺക്രീറ്റ് പണി നടക്കുന്നതു കാരണം മറ്റു വാഹനങ്ങളും ലഭിച്ചില്ല.
തുടർന്ന് ബൈക്കിലാണ് കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മുക്കാലി കഴിഞ്ഞപ്പോൾ വനംവകുപ്പിന്റെ ജീപ്പെത്തി കുട്ടികളെ കോട്ടത്തറ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അജ്നേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും ആദി ശ്വാസമെടുക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതായും ഉടനെ വാഹനം ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും ദേവി പറഞ്ഞു അഗളിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് കരുവാരയിലേക്ക്. പട്ടികവർഗ വകുപ്പിനു കീഴിലുള്ള ഫാം ഇവിടെയുണ്ട്.
അടിയന്തരാവശ്യങ്ങൾക്ക് ആശുപത്രി, ആംബുലൻസ് സൗകര്യങ്ങൾ ലഭിക്കണമെങ്കിൽ അഗളിയിലെത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

