വടക്കഞ്ചേരി ∙ മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാത തകർന്ന് യാത്രാക്ലേശം രൂക്ഷമായിട്ടും അധികൃതർക്കു കുലുക്കമില്ല. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായിട്ടും ഇതു റീടാറിങ് നടത്തി നന്നാക്കാൻ താൽപര്യം കാണിക്കുന്നില്ല. വടക്കഞ്ചേരി മംഗലം പാലം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള റോഡിന്റെ ഉപരിതലം പൂർണമായും തകർന്നിരിക്കുകയാണ്.
റോഡ് നവീകരണത്തിനായി രണ്ടു വർഷം മുൻപു ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിരുന്നെങ്കിലും കരാറുകാരൻ പണമില്ലെന്ന കാരണത്താൽ പണി വൈകിപ്പിക്കുകയാണ്.
പൊതുമരാമത്തു വകുപ്പും ജനപ്രതിനിധികളും ഇതു കണ്ടില്ലെന്നു നടിക്കുന്നു. ഇതിനിടെ റോഡ് മുഴുവൻ വൻകുഴികൾ രൂപപ്പെട്ടപ്പോൾ കുഴി അടച്ചെങ്കിലും അവ വീണ്ടും കുഴിയായി.
മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിന്നു വാഹനങ്ങൾ അപകടത്തിൽപെടുന്നതായി പ്രദേശവാസികൾ പറഞ്ഞു. ശബരിമല തീർഥാടന സീസൺ തുടങ്ങാനിരിക്കെ വാഹനത്തിരക്കു വർധിക്കുമെന്നും ഉടൻ പണികൾ നടത്തിയില്ലെങ്കിൽ യാത്രക്കാർ ഏറെ പ്രയാസപ്പെടുമെന്നും പ്രദേശവാസികൾ പറയുന്നു.
ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലെ പ്രധാന തീർഥാടനകേന്ദ്രമായ പഴനിയിലേക്കും പോകുന്ന പ്രധാന വഴി കൂടിയാണിത്.
പ്രധാന വാണിജ്യ കേന്ദ്രമായ പൊള്ളാച്ചിയെ ബന്ധിപ്പിക്കുന്നതിനാൽ ഒട്ടേറെ ഭാരവാഹനങ്ങൾ ഇതിലെ കടന്നുപോകുന്നു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാന പാത കൂടിയായതിനാൽ ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും കടുത്ത ദുരിതത്തിലാണ്.
തുലാവർഷം കഴിയുന്നതോടെ പാത പൂർണമായും ഗതാഗതയോഗ്യമല്ലാതാകുമെന്ന ആശങ്ക ശക്തമാണ്.
റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ജനകീയവേദി രംഗത്തെത്തി.
എത്രയും പെട്ടെന്ന് അധികൃതർ ഇടപെട്ട് നിർമാണം ആരംഭിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവർ മുന്നറിയിപ്പു നൽകി.
എന്നാൽ, ടെൻഡർ എടുത്ത വ്യക്തി കോടതിയിൽ പോയതിനാൽ മറ്റൊരാൾക്കു പണി മാറ്റി നൽകാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് പാത വിഭാഗം പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

