ദേശീയപാതയിൽ പണി നടക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളോ വെളിച്ചമോ ഇല്ലാത്തത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നു. കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് – തൃശൂർ റൂട്ടിലെ വിവിധ മേഖലകളിൽ സമാനമായ ഗുരുതര സുരക്ഷാ വീഴ്ചകളാണ് നിലവിലുള്ളത്.
പാലക്കാട്-തൃശൂർ റൂട്ടിൽ കുഴൽമന്ദം പുതുക്കോട് ഭാഗത്ത് മേൽപ്പാലം നിർമ്മാണം നടക്കുന്ന പ്രദേശത്ത് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്നത് യാതൊരുവിധ ദൃശ്യപരതയുമില്ലാതെയാണ്. പകൽ സമയത്തുപോലുകാൻ ബുദ്ധിമുട്ടുള്ള ഒരേയൊരു ബോർഡ് മാത്രമാണ് ഇവിടെയുള്ളത്.
ആലത്തൂർ സ്വാതി ജംക്ഷന് സമീപവും സമാനമായ രീതിയിൽ യാത്രാസുരക്ഷ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് വാഹനയാത്രക്കാർക്ക് ആശ്രയം.
ഏറ്റവും കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നത് വാണിയമ്പാറ മേഖലയിലാണ്. ഇവിടെ റോഡിൽ യാതൊരുവിധ വെളിച്ചവും ലഭ്യമല്ല.
ഗവ. മെഡിക്കൽ കോളജിനു മുന്നിലും വടക്കുംമുറിയിലും ഭാരവാഹനങ്ങൾ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത് പതിവാണ്.
കൂടാതെ ചിതലി, ചീക്കോട് തുടങ്ങിയ പ്രദേശങ്ങളും പൂർണ്ണമായും ഇരുട്ടിലാണ്. എരിമയൂർ മേൽപ്പാലത്തിന്റെ പകുതി ഭാഗത്ത് മാത്രമാണ് നിലവിൽ വിളക്കുകൾ തെളിയുന്നത്.
മീഡിയനിൽ ഹെൽപ് ലൈൻ നമ്പർ രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, വെളിച്ചമില്ലാത്തതിനാൽ ഇത് വായിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. തൃശൂർ – പാലക്കാട് ദിശയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോൾ ഇടതുവശത്തെ ട്രാക്കുകൾ ലോറികൾ കയ്യടക്കിയിരിക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കഞ്ചിക്കോട്, വാളയാർ സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും വെളിച്ചമില്ലായ്മ യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

