പാലക്കാട് ∙ വോട്ടെണ്ണലിനു പിറ്റേന്നു പൊലീസിനെതിരെ പാലക്കാട്ട് സിപിഎമ്മിന്റെ പ്രകടനം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി പ്രവർത്തകരെ തല്ലിയ പൊലീസുകാരന്റെ ഫോട്ടോ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു മുന്നറിയിപ്പു നൽകി.
വോട്ടെണ്ണലിനു ശേഷം യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ സംഘർഷമുണ്ടായിരുന്നു. ഓഫിസിൽ നിന്നു പ്രവർത്തകർ കല്ലും കുപ്പിയും വലിച്ചെറിഞ്ഞതായി യുഡിഎഫ് ആരോപിച്ചു.
കുപ്പിയേറിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. തുടർന്നു ജില്ലാ കമ്മിറ്റി ഓഫിസ് വളപ്പിൽ കയറി പൊലീസ് ലാത്തിവീശി.
ഇതിനെതിരെയായിരുന്നു സിപിഎമ്മിന്റെ പ്രകടനം.
ഓന്ത് നിറംമാറുംപോലെയാണു മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നിറം മാറിയതെന്നു പ്രകടനം ഉദ്ഘാടനം ചെയ്ത സുരേഷ് ബാബു പറഞ്ഞു. യുഡിഎഫിന്റെ ഗുണ്ടകളെപ്പോലെ പൊലീസ് മാറുന്നതു നല്ലതല്ല.
ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെരുവുഗുണ്ടകളെപ്പോലെ ഇരച്ചുകയറി പ്രവർത്തകരെ മർദിച്ചത്. ഇവരെയൊക്കെ ആവശ്യമെങ്കിൽ തെരുവിൽ കാണും.
തല്ലിയ പൊലീസിനും കുട്ടിയും കുടുംബവും വീടുമുണ്ടെന്ന് ഓർക്കണം. യുഡിഎഫ് പ്രവർത്തകരാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പടക്കം എറിഞ്ഞു പ്രകോപനം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ബോർഡുകൾ നശിപ്പിച്ചു
പ്രകടനത്തിനിടെ യുഡിഎഫിന്റെ ബോർഡുകളും മറ്റും പ്രവർത്തകർ നശിപ്പിച്ചു.
പ്രകടനം ഡിസിസി ഓഫിസ് പരിസരത്തേക്കു പോകാതിരിക്കാൻ സുൽത്താൻപേട്ടയിൽ നിന്നു കോർട്ട് റോഡിലേക്കും ജിബി റോഡിലേക്കുമുള്ള ഗതാഗതം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. സിപിഎം മുൻ കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, സി.കെ.രാജേന്ദ്രൻ, കെ.ശാന്തകുമാരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ്, ഏരിയ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

