പാലക്കാട് ∙ കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വീതികൂട്ടി നവീകരിച്ച നാട്ടുകൽ മുതൽ താണാവ് വരെയുള്ള ഭാഗത്തുനിന്നു വാഹനങ്ങൾ പാഞ്ഞെത്തുന്നത് കുപ്പിക്കഴുത്തു പോലെയുള്ള താണാവ്– ഒലവക്കോട് റോഡിലേക്കാണ്. ഇതോടെ വാഹനക്കുരുക്കു തുടങ്ങും.
നാട്ടുകൽ– താണാവ് റോഡ് നവീകരണത്തിന്റെ അടുത്ത ഘട്ടമായി താണാവ് മുതൽ ചന്ദ്രനഗർ വരെയുള്ള പാതകൂടി വീതി കൂട്ടി നവീകരിക്കേണ്ട ആവശ്യമുണ്ടെങ്കിലും ദേശീയപാത അതോറിറ്റിയും സർക്കാരും സൗകര്യപൂർവം മറന്നു. വി.കെ.ശ്രീകണ്ഠൻ എംപി ഒഴികെ മറ്റു ജനപ്രതിനിധികളും സമ്മർദം ചെലുത്തിയില്ല.
ശ്രീകണ്ഠൻ ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇപ്പോഴും റോഡ് വീതി കൂട്ടലിനെക്കുറിച്ചു കാര്യമായ ചർച്ച ഉയരുന്നില്ല.
ഉയരുമ്പോൾ തന്നെ ഗ്രീൻഫീൽഡ് ഹൈവേ പ്രാവർത്തികമാകുമ്പോൾ ചരക്കുവാഹനങ്ങൾ അതുവഴി പോകില്ലേ എന്നു മാത്രമാണു ചോദിക്കുന്നത്.
ആകെ പറഞ്ഞത് കെ.ശങ്കരനാരായണൻ
മഹാരാഷ്ട്ര മുൻ ഗവർണർ അന്തരിച്ച കെ.ശങ്കരനാരായണൻ പാലക്കാട് എംഎൽഎ ആയിരിക്കെ ഒലവക്കോട്–താണാവ് റോഡ് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടു വന്നവരാരും ഇക്കാര്യത്തിൽ കാര്യമായ താൽപര്യമെടുത്തില്ല.
ആദ്യം വേണ്ടത് പദ്ധതി ശുപാർശ
താണാവ്–ഒലവക്കോട് റോഡ് വീതികൂട്ടാൻ ദേശീയപാത അതോറിറ്റിയാണു മുൻകൈ എടുക്കേണ്ടത്.
വീതി കൂട്ടാനുള്ള ശുപാർശ പിഡബ്ല്യുഡി ദേശീയപാത വിഭാഗം അതോറിറ്റിക്കു സമർപ്പിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ. അല്ലെങ്കിൽ ദേശീയപാത അതോറിറ്റി സ്വമേധയാ പദ്ധതി തയാറാക്കണം.
റെയിൽവേയുടെ സഹകരണവും അനുമതിയും ഉണ്ടെങ്കിൽ മാത്രമേ പദ്ധതിയുടെ രൂപരേഖ പോലും തയാറാക്കാനാകൂ. റോഡ് വീതികൂട്ടി നവീകരിക്കുന്നതിലെ പ്രധാന തടസ്സം മധ്യത്തിലുള്ള വീതികുറഞ്ഞ റെയിൽവേ മേൽപാലമാണ്.
റോഡ് വീതി കൂട്ടണം: നഗരസഭാധ്യക്ഷൻ
പാലക്കാട് ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ താണാവു മുതൽ ചന്ദ്രനഗർ വരെയുള്ള റോഡ് ഭാഗം വീതികൂട്ടി നവീകരിക്കാൻ പദ്ധതി സമർപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ പാലക്കാട് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് ആവശ്യപ്പെട്ടു.
കൽമണ്ഡപം ജംക്ഷൻ മുതൽ ചന്ദ്രനഗർ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

