ഇരിട്ടി ∙ പുലി സാന്നിധ്യം ആശങ്ക ഉയർത്തിയ ചതിരൂർ, നീലായ് പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ ഒന്നാം ദിവസം പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല. ചതിരൂരിലും നീലായിലും ഓരോ ക്യാമറ വീതം ആണ് വനംവകുപ്പ് സ്ഥാപിച്ചത്.
പുലി ഭീഷണി ഒഴിയുംവരെ വനംവകുപ്പ് നിരീക്ഷണം തുടരും. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്റെയും യോഗത്തിലാണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പുലിയെ കൂട് സ്ഥാപിച്ചു പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗം ഏതാണെന്നു തിരിച്ചറിഞ്ഞശേഷം മാത്രമേ കൂട് സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും ആദ്യം ക്യാമറ സ്ഥാപിക്കാമെന്നും വനം വകുപ്പിന്റെ നിർദേശം ജനപ്രതിനിധികളും നാട്ടുകാരും അംഗീകരിക്കുകയായിരുന്നു. മേഖലയിൽ വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടതായ നാട്ടുകാരുടെ പരാതിയിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടേതല്ലെന്നു സ്ഥിരീകരിച്ചു.
വനം കീഴ്പ്പള്ളി സെക്ഷനിലെ ജീവനക്കാർ രാത്രി വൈകിവരെ മേഖലയിൽ പട്രോളിങ് നടത്തി.
പ്രദേശവാസികളായ റോബിൻസ്, തോമസ് എന്നിവർ പുലിയെ നേരിൽ കണ്ടതായും ചുണ്ടംതടത്തിൽ ബിനോയി, പുതുപ്പറമ്പിൽ തങ്കച്ചൻ എന്നിവരുടെ 2 വളർത്തുനായ്ക്കളെ പുലി പിടികൂടിയതായുമുള്ള നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ആറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചത്. വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കും.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സോളർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിക്കിടക്കുന്ന സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും നിർദേശിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

