കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിൽ വെച്ച് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ രാമനാഥപുരം സ്വദേശി കാളീശ്വരനായുള്ള (34) അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പം- കുമളി റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം പിടിയിലായത്.
പരിശോധനയിൽ രണ്ട് കാറുകളിലുമായി രണ്ട് കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും, ഇതിന് പിന്നിൽ മറ്റുചാർക്കെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

