പഴനി ക്ഷേത്രത്തിൽ വാർഷിക അറ്റകുറ്റപ്പണികളെ തുടർന്ന് 64 ദിവസമായി നിർത്തിവച്ചിരുന്ന റോപ് വേ സർവീസ് നാളെ മുതൽ വീണ്ടും പ്രവർത്തനക്ഷമമാകും. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ റോപ് വേ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
വിദഗ്ധ സമിതിയുടെ കർശന പരിശോധനയ്ക്കു ശേഷമാണ് സർവീസ് വീണ്ടും ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. പരിശോധനയുടെ ഭാഗമായി സമിതി പുതിയ കേബിൾ കാർ ബോക്സുകളും മുഴുവൻ മെക്കാനിക്കൽ സംവിധാനങ്ങളും വിലയിരുത്തി.
റോപ് വേയുടെ നവീകരണത്തിനായി 30 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 300 കിലോ വരെ ഭാരം താങ്ങാൻ ശേഷിയുള്ള പുതിയ 10 പെട്ടികൾ കൂടി ഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ പുതിയ ഷാഫ്റ്റ്, വീലുകൾ, ഗിയർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടികളിൽ ഓരോന്നിലും 300 കിലോ വീതം തൂക്കമുള്ള കല്ലുകൾ നിറച്ചാണ് പരീക്ഷണയോട്ടം നടത്തിയത്.
ഇതിനുപുറമേ, റോപ് വേ സ്റ്റേഷൻ കെട്ടിടത്തിന്റെ ചുമരുകളിൽ ഗ്രാനൈറ്റ് പതിക്കുന്ന ജോലികളും പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അറ്റകുറ്റപ്പണികൾക്കായി റോപ് വേ സർവീസ് താൽക്കാലികമായി നിർത്തിവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

