പ്രമുഖ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നന്ദിത സിൻഹയെ നിയമിച്ചു. മിന്ത്രയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു അവർ.
ഈ നിർണായക നിയമനത്തിന് പിന്നാലെ ഇന്നലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. 7 ശതമാനത്തിനു മുകളിലായിരുന്നു ഓഹരി വിപണിയിലെ മുന്നേറ്റം.
വരുന്ന ഓഗസ്റ്റ് മൂന്നിനാണ് നന്ദിത സിൻഹ ഇൻസ്റ്റമാർട്ട് സിഇഒ ആയി ഔദ്യോഗികമായി ചുമതലയേൽക്കുന്നത്. അമിതേഷ് കുമാർ ഝായ്ക്കു പകരമായാണു നന്ദിതയുടെ പുതിയ നിയമനം നടപ്പിലാക്കുന്നത്.
ഇൻസ്റ്റമാർട്ടിന്റെ വൻ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഉന്നതതലത്തിലെ ഈ പുതിയ മാറ്റങ്ങൾ. ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിഗ്ബാസ്കറ്റ് തുടങ്ങിയ പ്രമുഖ എതിരാളികൾ സജീവമായ ക്വിക് കൊമേഴ്സ് മേഖലയിൽ മത്സരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനം എന്നത് ശ്രദ്ധേയമാണ്.
ഡാർക്ക് സ്റ്റോറുകൾക്കായും ഡെലിവറി ഇൻഫ്രാസ്ട്രക്ചർ മേഖലയിലും വൻകിട കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപമാണു നടത്തിവരുന്നത്.
ഫാഷൻ ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയുടെ സിഇഒ ആയി 2022ലാണ് നന്ദിത ചുമതലയേൽക്കുന്നത്. മിന്ത്രയുടെ ആദ്യ വനിതാ സിഇഒ കൂടിയാണു നന്ദിത.
2024ൽ മിന്ത്രയെ മികച്ച ലാഭത്തിലേക്ക് നയിക്കാൻ കഴിഞ്ഞത് ഇവരുടെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. ഫ്ലിപ്കാർട്ട്, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ തുടങ്ങിയ പ്രമുഖ കമ്പനികളിലായി നന്ദിതയ്ക്ക് രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയവും അനുഭവസമ്പത്തുമുണ്ട്.
കഴിഞ്ഞ 2 ദിവസത്തിനിടെ 11 ശതമാനം മുന്നേറിയ സ്വിഗ്ഗിയുടെ വിപണിമൂല്യം 79,000 കോടി രൂപയും ഭേദിച്ചിരുന്നു. എന്നാൽ എൻഎസ്ഇയിൽ ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ 0.22 ശതമാനം നഷ്ടവുമായി 286.20 രൂപയിലാണ് ഓഹരിവില വ്യാപാരം തുടരുന്നത്.
ഇന്നൊരുവേള ഓഹരിവില 293.34 രൂപവരെ എത്തിയിരുന്നു. 2025 സെപ്റ്റംബർ 19ന് കുറിച്ച 474 രൂപയാണ് ഇതിന്റെ ഇതുവരെയുള്ള 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

