കോഴിക്കോട് ∙ ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
നാമനിർദേശ പത്രിക നവംബർ 14 മുതൽ 21 വരെ സമർപ്പിക്കാമെന്നും ഒരാൾക്ക് മൂന്ന് പത്രിക വരെ നൽകാമെന്നും യോഗത്തിൽ അറിയിച്ചു.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. നാമനിർദേശം സമർപ്പിക്കാൻ സ്ഥാനാർഥി ഉൾപ്പെടെ 5 പേർ വരെ മാത്രമേ വരണാധികാരിയുടെ മുറിയിൽ പ്രവേശിക്കാൻ പാടുള്ളൂ.
നാമനിർദേശം സമർപ്പിക്കാൻ പരമാവധി 3 അകമ്പടി വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റർ അകലെ വരെയാണ് വാഹനങ്ങൾക്ക് പ്രവേശന അനുമതിയുണ്ടാവുക.
നാമനിർദേശം സമർപ്പിക്കുന്നയാൾ മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിലെ വോട്ടർ ആയിരിക്കണം. സെക്യൂരിറ്റി ഡിപ്പോസിറ്റ് ജില്ലാ പഞ്ചായത്തിൽ കെ സ്മാർട്ട് വഴിയും ട്രഷറി വഴിയും അടച്ച് രസീത് വാങ്ങാവുന്നതാണ്.
ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 1,50,000 രൂപയാണെന്നും അതിൽ കൂടുതൽ ചെലവ് വരുത്തുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും യോഗത്തിൽ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപറേഷനുകളിലെ ജീവനക്കാർ, കെഎസ്ആർടിസി ജീവനക്കാർ, സർക്കാർ കമ്പനികളായ കെഎസ്ഇബി പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, സർക്കാരിന്റെ 51 ശതമാനം ഓഹരിയുള്ള കമ്പനിയിലെ ജീവനക്കാർ തുടങ്ങിയവർക്ക് മത്സരിക്കാനാവില്ല. ആശാ വർക്കർമാർക്ക് മത്സരിക്കാം.
വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ അയോഗ്യതയ്ക്ക് കാരണമാകും. ഹരിത പെരുമാറ്റച്ചട്ടം പ്രകാരം പ്ലാസ്റ്റിക് തോരണങ്ങൾ, ഫ്ലെക്സുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും യോഗത്തിൽ നിർദേശം നൽകി.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എഡിഎം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് തല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

