തിരുവനന്തപുരം ∙ രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള (റിസർവ് ചെയ്യുന്ന സീറ്റുകളുടെ ഉപയോഗ നിരക്ക്) എക്സ്പ്രസ് ട്രെയിനുകളിൽ ആദ്യ പത്തിൽ എട്ടും കേരളത്തിലോടുന്നവ. 267.67% ഒക്യുപെൻസിയുള്ള കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസാണു രാജ്യത്ത് ഒന്നാമത്.
കന്യാകുമാരിയിൽനിന്നു മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടയിൽ ഈ ട്രെയിനിലെ റിസർവ്ഡ് സീറ്റിൽ 4 പേർ വരെ മാറി മാറി യാത്ര ചെയ്യുന്നുവെന്നാണു കണക്ക്. മംഗളൂരു–കന്യാകുമാരി പരശുറാം, തിരുവനന്തപുരം–ന്യൂഡൽഹി കേരള, കന്യാകുമാരി–കത്ര ഹിമസാഗർ, എറണാകുളം–ഓഖ, ഗാന്ധിധാം–നാഗർകോവിൽ ഉൾപ്പെടെ ദക്ഷിണ റെയിൽവേയുടെ 6 ട്രെയിനുകൾ ആദ്യ പത്തിലുണ്ട്.
രാജ്യത്തെ ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള 10 വന്ദേഭാരതുകളിൽ 4 എണ്ണം കേരളത്തിലാണ്. തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് ആണ് (187.78 %) ഒന്നാമത്.
വാരാണസി– മീററ്റ് (181.53%), മംഗളൂരു–തിരുവനന്തപുരം (173.33%), കാസർകോട്–തിരുവനന്തപുരം (172.87%), മീററ്റ്–വാരാണസി (172.16%), പട്ന–ഗോമതി നഗർ (163.08%), തിരുവനന്തപുരം–കാസർകോട് (159.36%), അജ്മേർ–ചണ്ഡിഗഡ് (158.21%), ഡൽഹി–ജോധ്പുർ (156.69%), ഗോമതി നഗർ–പട്ന (155.97 %) എന്നിവയാണ് 2 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള വന്ദേഭാരത് ട്രെയിനുകൾ. ദക്ഷിണ റെയിൽവേയിൽ വന്ദേഭാരത് ട്രെയിനുകളിലെ വരുമാനം 2025–26 സാമ്പത്തിക വർഷം 15.22 കോടിയിൽ നിന്ന് 45.37 കോടി രൂപയായി ഉയർന്നു.
ട്രെയിൻ പുറപ്പെടുന്നതിനു 15 മിനിറ്റ് മുൻപു വരെ ഓരോ സ്റ്റേഷനിൽനിന്നു കറന്റ് റിസർവേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് വരുമാനം വർധിപ്പിച്ചതെന്നു പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർ ജെ.വിനയൻ പറഞ്ഞു. കറന്റ് റിസർവേഷൻ യാത്രക്കാരുടെ എണ്ണം 2.14 ലക്ഷത്തിൽനിന്ന് 6.01 ലക്ഷമായി ഉയർന്നു.
735.78 കോടി രൂപയുടെ അധിക വരുമാനമാണ് ഇതുവഴി സോൺ നേടിയത്. സ്പെഷൽ ട്രെയിനുകളിൽ ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചതും ദക്ഷിണ റെയിൽവേയിലാണ്.
1312 യാത്രക്കാരാണ് ശരാശരി ഒരു ട്രിപ്പിൽ യാത്ര ചെയ്തത്. ദേശീയ ശരാശരി 894 ആണ്.
റിസർവ്ഡ് ട്രെയിനുകളിലെ ഒക്യുപെൻസി (96%, ദേശീയ ശരാശരി 87%), തത്കാൽ ക്വോട്ട ഉപയോഗം (92%, ദേശീയ ശരാശരി 71%) തുടങ്ങിയ വിവിധ വിഭാഗങ്ങളിലും മികച്ച നേട്ടമാണു പ്ലാറ്റിനം ജൂബിലി വർഷത്തിൽ ദക്ഷിണ റെയിൽവേ കൈവരിച്ചത്.
ഉത്തരേന്ത്യയിലോടുന്നതിന്റെ പകുതി പ്രീമിയം ട്രെയിനുകൾ പോലുമില്ലാതെയാണു ദക്ഷിണ റെയിൽവേയുടെ നേട്ടം. ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള ട്രെയിനുകൾ
1.കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് (267.67%)
2.തിരുവനന്തപുരം നോർത്ത്–ഇൻഡോർ എക്സ്പ്രസ് (266.24%)
3.മംഗളൂരു–കന്യാകുമാരി പരശുറാം ( 261.23% )
4.തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് (259.88%)
5.ഓഖ–തൂത്തുക്കുടി വിവേക് എക്സ്പ്രസ് (252.72%)
6.കന്യാകുമാരി–വൈഷ്ണോദേവി കത്ര ഹിമസാഗർ (251.75%)
7.ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ് (250.61%)
8.എറണാകുളം–ഓഖ എക്സ്പ്രസ് (250.34%)
9.ഗാന്ധിധാം–നാഗർകോവിൽ എക്സ്പ്രസ് (248%)
10.ഗോണ്ടിയ–കോലാപ്പുർ മഹാരാഷ്ട്ര എക്സ്പ്രസ് (247.51%)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

