കോഴിക്കോട് ∙ മൂഴിക്കൽ പൂതംകുഴിമീത്തലിൽ വീട്ടിൽക്കയറി പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. ഗൾഫിൽ ബിസിനസുകാരനായ, ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നിസാറിന്റെ മകൾ മർകസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി നസ്രീന (15) ആണു കൊല്ലപ്പെട്ടത്.
വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു മൃതദേഹം. സമീപത്തെ മറ്റൊരു മുറിയിലാണു നസ്രീനയുടെ മാതൃസഹോദരിയുടെ മകൻ, നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണു നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണു അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ചു ഡിസംബറിൽ വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നത്: വല്യുപ്പയുടെ തറവാട്ടിലാണു നസ്രീനയും ഉമ്മയും താമസിക്കുന്നത്.
പുലർച്ചെ ഒരുമണിക്കും 4.30 നും ഇടയിലാണു സംഭവം. മുകൾനിലയിൽനിന്നു ശബ്ദം കേട്ടു വല്യുമ്മ സഫിയ ഉണർന്നു.
അടുത്ത മുറിയിൽ കിടന്ന നസ്രീനയുടെ ഉമ്മ റംസീനയെ വിളിച്ചെങ്കിലും ഉണർന്നില്ല.
തുടർന്നു ബന്ധുക്കളെ ഫോണിൽ വിളിച്ചുവരുത്തി. അവരുടെ പരിശോധനയിലാണു നസ്രീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
പായ്ക്കിങ് ടേപ്പു കൊണ്ടു കൈകാലുകൾ കെട്ടിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. മറ്റൊരു മുറിയിൽ കണ്ടെത്തിയ അദ്നാനെ പൂട്ടിയിട്ട
ശേഷം പൊലീസിനെ അറിയിച്ചു. നസ്രീനയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് വീട്ടിലെത്തി യുവാവിന്റെ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു.
വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കട്ടിലിനടിയിൽ അദ്നാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടിൽ തിങ്കളാഴ്ച വൈകിട്ടു ബന്ധുക്കൾ വിരുന്നിന് എത്തിയിരുന്നെന്നും അദ്നാൻ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം അദ്നാനന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
നസ്രീനയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: നിസാം, നയ്മ.
അഷ്റഫിന്റെയും ഹസീനയുടെയും മകനാണ് അദ്നാൻ. കൊലപാതകം നടന്നതെങ്ങനെ?
കോഴിക്കോട്∙ കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീടിനുള്ളിൽ ഒളിച്ചിരുന്ന അദ്നാൻ പുലർച്ചയോടെ മുകൾ നിലയിലെ നസ്രീനയുടെ മുറിയിലെത്തി.
വസ്ത്രം കൊണ്ട് മുഖം അമർത്തിപ്പിടിച്ച ശേഷം ടേപ്പു കൊണ്ടു കയ്യും കാലും കൂട്ടി ബന്ധിച്ചതായിരിക്കാം. തുടർന്ന് കഴുത്തിൽ മറ്റൊരു തുണി ഉപയോഗിച്ചു മുറുക്കുകയായിരുന്നു.
നസ്രീന ശ്വാസം മുട്ടി മരിച്ചതാണെന്നാണു പ്രാഥമിക റിപ്പോർട്ട്. രക്ഷപ്പെടുന്നതിനാകാം അദ്നാൻ മുകൾ നിലയിൽ നിന്നിറങ്ങി മുത്തശ്ശിയുടെ മുറിയിൽ പോയത്.
മോഷണം നടന്നതായി തെളിവില്ല. പുലർച്ചെ മുത്തശ്ശി മുറിയിൽ ആൾരൂപം പോകുന്നതായി കാണുകയും വീടിനകത്ത് എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടതായും പറയുന്നുണ്ട്.
അദ്നാന്റെ ഒരു ഫോൺ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വാട്സാപ് ഉപയോഗിക്കുന്ന ഫോൺ ലഭിച്ചില്ല.
ഈ ഫോൺ പുറത്തേക്ക് എറിഞ്ഞെന്ന സംശയത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മിഷണർ പദം സിങ്, അസിസ്റ്റന്റ് കമ്മിഷണർ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.
ഡോഗ് സ്ക്വാഡ്, ഫിംഗർപ്രിന്റ് എക്സ്പർട്ട് എ.വി.ശ്രീജയയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, പി.ജിഷ്ണുവിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ, ക്രൈം സ്ക്വാഡ്, ജില്ലാ – സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ചേവായൂർ എസ്ഐ രാംകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
2 പേരുടെയും മരണത്തിൽ വിശദമായ അന്വേഷണം തുടരുമെന്നു മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.എം.ബിജു പറഞ്ഞു. ചേവായൂർ ഇൻസ്പെക്ടർ ടി.മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക.
പൊലീസ് പറയുന്നു: കുടുംബപ്രശ്നങ്ങൾ; പ്രതികാരം
കോഴിക്കോട്∙ മൂഴിക്കൽ പൂതംകുഴിമീത്തലിലെ വീട്ടിൽ ഇന്നലെ നടന്ന കൊലപാതകത്തിനും ആത്മഹത്യയിലേക്കും നയിച്ചത് അടുത്തകാലത്തുണ്ടായ ചില പ്രശ്നങ്ങളുടെ പ്രതികാരമാണെന്ന നിഗമനത്തിലാണു പൊലീസ്.
പൊലീസ് പറയുന്നത്:
നസ്രീനയുടെയും അദ്നാനന്റെയും വല്യുപ്പ (മുത്തച്ഛൻ) ബിസിനസ്സുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ്.
ഈ സാഹചര്യത്തിൽ വീട്ടിൽ കൂട്ടിനായാണ് അദ്നാൻ താമസമാക്കിയത്. നേരത്തെ അദ്നാൻ താമസിച്ച നല്ലളത്ത് കട്ടുകാരുമായുള്ള മോശം കൂട്ടുകെട്ടു കാരണമാണു മൂഴിക്കലിൽ എത്തിച്ചത്.
പിന്നീട് നസ്രീനയുടെ കുടുംബം അദ്നാനെ പഠിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണു വീട്ടിൽ മോഷണശ്രമമുണ്ടായതെന്നു വീട്ടുകാർ പറയുന്നുണ്ട്.
അദ്നാന്റെ കൂട്ടുകെട്ട് ശരിയല്ലെന്നു കണ്ടാണു വീട്ടിൽ നിന്നു മാറ്റിയത്. വീട്ടിലെ എല്ലാ കാര്യങ്ങൾക്കും സഹായിയായിരുന്നു.
ഇവിടത്തെ സിസിടിവി അദ്നാന്റെ മൊബൈൽ ഫോണിലേക്കാണു ലിങ്ക് ചെയ്തിരുന്നത്. വീട്ടിൽ നടക്കുന്നതെല്ലാം അദ്നാൻ അപ്പപ്പോൾ അറിയാറുണ്ടായിരുന്നു.
നസ്രീനയുടെ നിർബന്ധം കാരണം ഈ ലിങ്കും ഒഴിവാക്കിയതാണു ബന്ധുക്കളുടെ മൊഴി. ബന്ധുക്കൾ അകന്നുപോകാനിടയായതിനു കാരണം നസ്രീനയാണെന്ന് അദ്നാനു തോന്നിയിരിക്കാം.
മോഷണം കള്ളക്കഥയെന്ന് അദ്നാന്റെ പിതാവ്
ചേവായൂർ∙പുഷ്പ ജംക്ഷനിലെ കടയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അഷ്റഫിന്റെ ഏകമകനാണ് അദ്നാൻ.
ഇയാൾ 3 മാസമായി പുതിയ സ്റ്റാൻഡിലെ കടയിൽ ജോലി ചെയ്യുന്നുണ്ട്. വല്യുപ്പയുടെ വീട്ടിൽ നിന്നു പുറത്തായതിനു ശേഷം അഷ്റഫിനൊപ്പമാണ് അദ്നാന്റെ താമസം.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ നിന്ന് സുഹൃത്തുക്കളെ കാണാൻ അരീക്കാട് പോകുകയാണെന്നാണ് പറഞ്ഞതെന്നും എങ്ങിനെ മൂഴിക്കൽ എത്തിയെന്ന് അറിയില്ലെന്നും അഷ്റഫ് പറഞ്ഞു.
‘വല്യുപ്പയുടെ തറവാട്ടു വീട്ടിൽ (നസ്രീനയും ഉമ്മയും താമസിച്ച വീട്) 7 മാസം, പഠനകാലത്ത് താമസിച്ചിരുന്നു. പ്ലസ് വൺ പൂർത്തിയാക്കാതെ ഐടിഐയിൽ ചേർന്നിരുന്നു.
ആ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലാതെയാണു തിരിച്ചുവന്നത്. എന്നാൽ 50,000 രൂപ മോഷ്ടിച്ചെന്നും ഇവരുടെ വിഡിയോ എടുത്തെന്നും പറഞ്ഞ് ഒരു ദിവസം രാത്രി ഇവരെല്ലാം തന്റെ വീട്ടിലെത്തി മകനെ മർദിച്ചിരുന്നു.
അതേസമയം പണം മാറ്റി വച്ചത്, തന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള കാരണമുണ്ടാക്കാൻ വേണ്ടിയാണെന്ന് അദ്നാൻ പറഞ്ഞിരുന്നു–’ അഷ്റഫ് പറഞ്ഞു.
അന്വേഷണം ശാസ്ത്രീയ വഴിയിൽ
കോഴിക്കോട്∙ തിങ്കളാഴ്ച വൈകിട്ട് പൂതംകുഴിമീത്തൽ വീട്ടിൽ നസ്രീനയുടെ ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. പുറത്തു മേശയിട്ടാണു ഭക്ഷണം കഴിച്ചത്.
അർധരാത്രിയോടെ എല്ലാവരും പിരിഞ്ഞു പോയി. വീട്ടിൽ മുത്തശ്ശിയും മകൾ റംസീനയും നസ്രീനയുടെ സഹോദരങ്ങളായ നിസാമും നയ്മയും മാത്രമാണ് ഉണ്ടായിരുന്നത്.
അദ്നാൻ തിങ്കളാഴ്ച രാത്രി 7.40 ന് വീടിന്റെ പിൻവശത്തെ വാതിലിൽ എത്തിയതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്. വീടിന്റെ മുന്നിൽ ബന്ധുക്കൾ ഉണ്ടായിരുന്നതിനാൽ, തുറന്നു കിടന്ന പിൻവാതിൽ വഴി അകത്തു കയറി മുകൾ നിലയിൽ ഒളിച്ചിരുന്നതാകാമെന്നാണു പൊലീസിന്റെനിഗമനം.
പിൻവാതിൽ രാത്രി 10.30 ന് അടച്ചതായാണ് വീട്ടുകാർ നൽകിയ മൊഴി.
പൊലീസ് പറയുന്നത്:
മൂഴിക്കലിൽ നിന്നു നടന്നു വന്ന അദ്നാൻ പൂതംകുഴിമീത്തൽ പോക്കറ്റ് റോഡിൽ വന്നു തൊട്ടടുത്ത വീടിന്റെ കിഴക്ക് ഭാഗത്തെ മതിൽ ചാടിക്കടന്ന് വീടിന്റെ പിന്നിലെത്തുകയായിരുന്നു. വീടിന്റെ പുറത്തുള്ള ശുചിമുറിയിൽ കയറി ചെരിപ്പ് അഴിച്ചു വച്ചു.
പിൻവാതിലിനു സമീപത്തെ സിസിടിവി മറുവശത്തേക്ക് തിരിച്ചു വച്ച് 7.44 ന് അകത്തു കയറി. സിസിടിവിയിൽ അതുവരെയുള്ള ചിത്രങ്ങളുണ്ട്.
പൊലീസ് നായ വീടും പരിസരവും ചുറ്റി നടന്നു. ശേഷം സമീപത്തെ റോഡിലൂടെ നടന്നു തൊട്ടടുത്ത വീടിന്റെ മതിൽ വരെ എത്തി.
പിന്നീട് സിസിടിവി ഭാഗത്തേക്ക് എത്തി. ഇതു വഴിയാണ് അദ്നാൻ വീടിന്റെ പിന്നിൽ എത്തിയെതെന്നാണ് കരുതുന്നത്.
കുടുംബത്തിലെ തർക്കങ്ങളെപ്പറ്റി പൊലീസിന് സൂചന
ചേവായൂർ∙ ചെലവൂർ ഈസ്റ്റ് മൂഴിക്കൽ പുതംകുഴിയിൽ നസ്രീനയ്ക്ക് വീട്ടിലെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ.
യുവാവ് വീട്ടിൽ നിന്ന് മോഷണം നടത്താൻ ശ്രമിച്ചത് പെൺകുട്ടി കണ്ടെത്തിയിരുന്നതായും ഇതേക്കുറിച്ച് കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസിനു സൂചനയുണ്ട്. അതേസമയം തുക പിന്നീട് വീട്ടിൽ നിന്ന് കണ്ടെത്തിയതായി അദ്നാന്റെ പിതാവ് അഷ്റഫ് പറഞ്ഞു.
അദ്നാൻ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുത്ത മുറിയിലേക്കു മാറ്റുകയും പിന്നീട് അവളുടെ മുറിയിൽ കയറി വാതിലടയ്ക്കുകയും ചെയ്തതയാണ് പൊലീസ് പറയുന്നത്. കുട്ടി മരിച്ചെന്ന് അറിഞ്ഞപ്പോഴാവും സ്വയം ജീവനൊടുക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

