കോഴിക്കോട്∙ സിനിമാ താരങ്ങളുടെ നൃത്തനൃത്യങ്ങളും പുതിയ തലമുറ നെഞ്ചേറ്റുന്ന റാപ്പ് സംഗീതവും നാടകപ്രേമികൾക്കായി നാടകങ്ങളും മോഹിനിയാട്ട കച്ചേരിയും തിരുവാതിരക്കളിയുമായി മാവേലിക്കസ് ഓണാഘോഷ പരിപാടിയുടെ മൂന്നാം ദിവസം കളറായി.
നടി നവ്യ നായരുടെ നേതൃത്വത്തിലുള്ള നൃത്ത സംഘമാണ് ബീച്ചിലെ വേദിയിൽ ഇന്നലെ ആടിത്തിമിർത്തത്. ഇടയ്ക്കിടെ പെയ്ത മഴയിലും നവ്യ നായരുടെയും സംഘത്തിന്റെയും നൃത്തം ആസ്വദിക്കാനായി ആൾക്കൂട്ടം ബീച്ചിലെ വേദിക്കു മുൻപിലുണ്ടായിരുന്നു.
ബേപ്പൂർ കടപ്പുറത്തെ വേദിയിൽ നടി ആശാ ശരത്തും സംഘവുമാണ് നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചത്.
ലുലുമാളിലെ വേദിയിൽ മസാല കോഫിയുടെ ചടുല സംഗീതത്തിനൊപ്പം യുവജനങ്ങൾ ആടിത്തിമിർത്തു. തുടർന്ന് ഈ വേദിയിൽ ഹനാൻഷാ യുടെ സംഗീത പരിപാടിയും അരങ്ങേറി. മാനാഞ്ചിറ സ്ക്വയറിലെ വേദിയിൽ മുടിയേറ്റും തിരുവാതിരക്കളിയുമാണ് അരങ്ങേറിയത്.
പെരുമ്പാവൂരിലെ കീഴില്ലം ശങ്കരൻകുട്ടി സ്മാരക മുടിയേറ്റ് സംഘത്തിന്റെ നേതൃത്വത്തിലാണ് മുടിയേറ്റ് അരങ്ങേറിയത്. മെഗാതിരുവാതിരയിൽ കോർപറേഷൻ വജ്ര ജൂബിലി ഫെല്ലോഷിപ് പദ്ധതി പ്രകാരം നൃത്തം പഠിക്കുന്ന 76 പഠിതാക്കളാണ് അണിനിരന്നത്.
12 മുതൽ 60 വയസ്സുകാരി വരെയുള്ള ഈ സംഘത്തെ നൃത്താധ്യാപിക പി.ടി.സാരംഗിയാണ് നയിച്ചത്.
ഇന്നലെ 2 നാടകങ്ങളാണ് ടൗൺഹാളിൽ അവതരിപ്പിച്ചത്. നന്മ പെരുമണ്ണ മേഖലാ കമ്മിറ്റിയുടെ തങ്കനാട്ടവും കതിർ തിയറ്റർ കലക്ടീവിന്റെ ഏറ്റവും പുതിയ നാടകമായ എസ്കേപ്പുമാണ് അരങ്ങേറിയത്.
ആട്ടക്കലാകാരനായ തങ്കന്റെ ജീവിതം പ്രമേയമാക്കി വളർച്ച പ്രാപിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചരിക്കുന്നത് ഗിരീഷ് കളത്തിലാണ്. പെരുമണ്ണയിലെ തിറയാട്ട
കലാകാരൻമാരോടൊപ്പം മധു പന്തീരാങ്കാവ്, പ്രദീപ് ഗോപാൽ, ഗിരീഷ് ഇല്ലത്തുതാഴം എന്നിവരും അരങ്ങിലെത്തി. യുവതീയുവാക്കളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അവർ പൊതുയിടങ്ങളിൽ നിന്നു മാറിനിൽക്കേണ്ടി വന്ന സാഹചര്യങ്ങളുമാണ് എസ്കേപ്പ് എന്ന നാടകം ചർച്ച ചെയ്യുന്നത്.
മുപ്പതോളം യുവതീയുവാക്കളെ അണിനിരത്തി യുവ നാടക പ്രവർത്തകൻ ചന്ദസാണ് സംവിധാനവും ഡിസൈനും ഒരുക്കിയത്.
ഭട്ട് റോഡ് ബീച്ചിലെ വേദിയിൽ ദേവരാജ് ദേവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഹാസ്യ പരിപാടി അരങ്ങേറി. ഇരിങ്ങൽ സർഗാലയയിലെ വേദിയിൽ സംഗീത സംവിധായകൻ ബിജിബാൽ നയിച്ച സംഗീത പരിപാടിയാണ് അരങ്ങേറിയത്. കുറ്റിച്ചിറയിലെ വേദിയിൽ തനത് മാപ്പിളപ്പാട്ടിന്റെ ശീലുകളുമായാണ് ഇന്നലെ ഓണാഘോഷം നടന്നത്.
ബാപ്പു വെള്ളിപറമ്പിന്റെ നേതൃത്വത്തിലാണു മാപ്പിളപ്പാട്ട് അവതരിപ്പിച്ചത്. തളിയിലെ വേദിയിൽ ഗായത്രി മധുസൂദനൻ ‘കുസുമോ കുസുമോൽപത്തി’ എന്ന മോഹിനിയാട്ട
കച്ചേരി അവതരിപ്പിച്ചു.
മാവേലിക്കസ് വേദിയിൽ ഇന്ന്
∙ കോഴിക്കോട് കടപ്പുറം: ഖവാലി ബ്രദേഴ്സ് പരിപാടി. ∙ മാനാഞ്ചിറ സ്ക്വയർ : വനിത ശിങ്കാരി മേളവും ട്രൈബൽ പെർഫോമൻസും.
∙ ലുലുമാൾ: റാപ്പർ റഫ്താർ ഷോ.
∙ ടൗൺഹാൾ : നാടകോത്സവം – മിഠായിത്തെരുവ്. ∙ ഭട്ട്റോഡ് ബീച്ച്: അതുൽ നറുകര ബാൻഡ്.
∙ കുറ്റിച്ചിറ: നയാഗ്രയുടെ മാപ്പിളപ്പാട്ട്. ∙ ഇരിങ്ങൽ സർഗാലയ: ഷഹബാസ് അമൻ സംഗീത പരിപാടി. ∙ബേപ്പൂർ ബീച്ച്: ഷങ്ക ട്രൈബ് ആൻഡ് ഡിജെ ജാസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

