സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സർക്കാർ പ്രഖ്യാപനം. മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും വീടുകൾ, കൃഷി, ജീവനോപാധി എന്നിവ നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
കൂടാതെ, ദുരന്തത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈകിട്ട് ആറ് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 6 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ 6 പേരെ കാണാതായതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഊർജിതമായി തുടരുകയാണ്.
സംസ്ഥാനത്തുടനീളം ആകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. നിലവിൽ ഈ ക്യാമ്പുകളിലായി 1465 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയിൽ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നും ആവശ്യാനുസരണം വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് അധികൃതർ കർശനമായി നിരീക്ഷിച്ചു വരുന്നുണ്ട്.
മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയും പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരമായി ആശയവിനിമയം നടത്തിവരുന്നുണ്ട്. ദുരന്തബാധിത മേഖലകളിലെ എംഎൽഎമാരുമായും മറ്റ് ജനപ്രതിനിധികളുമായും അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന്റെ പിന്തുണ എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

