ഭർതൃവീട്ടിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങളിൽ മനംനൊന്ത് സർക്കാർ സ്കൂൾ അധ്യാപികയായ യുവതി ജീവനൊടുക്കി. വിവാഹശേഷം നീണ്ട
മാസങ്ങളോളം ശപിക്കപ്പെട്ടവളെന്ന് ആക്ഷേപിക്കുകയും, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്നാണ് സൃഷ്ടി കാണ്ഡാരി (24) ജീവനൊടുക്കിയത്. ഡെറാഡൂണിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ ഡോയ്വാലയിലാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് തൊട്ടുമുമ്പ് യുവതി ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ജീവനൊടുക്കുന്നതിന് മുൻപ് റെക്കോർഡ് ചെയ്ത 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സൃഷ്ടി കണ്ണീരോടെ സംസാരിക്കുന്നത് വ്യക്തമാണ്.
റെക്കോർഡിങ് തുടങ്ങി 35 സെക്കൻഡുകൾക്ക് ശേഷമാണ് യുവതി സംസാരിച്ച് തുടങ്ങുന്നത്. ‘മാപ്പ്, അമ്മേ, ഞാൻ ഇങ്ങനെ പോകുകയാണ്.
എല്ലാം എത്ര വിചിത്രമായി മാറിയിരിക്കുന്നു. ആറു മാസമായി ഞാൻ ഇത് സഹിക്കുന്നു… ഇനി എനിക്ക് സഹിക്കാൻ കഴിയില്ല.
അവരുടെ മനോഭാവം ഒരിക്കലും മാറില്ല. വിവാഹശേഷം നടന്ന കാര്യങ്ങൾക്ക് അവർ എന്നെ കുറ്റപ്പെടുത്തുന്നു.
ശപിക്കപ്പെട്ടവൾ എന്ന് എന്നെ വിളിക്കുന്നു’ – വിഡിയോയിൽ സൃഷ്ടി പറയുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് സർക്കാർ ജീവനക്കാരനായ സൗരഭ് റാത്തൂറുമായി സൃഷ്ടി കാണ്ഡാരിയുടെ വിവാഹം കഴിഞ്ഞത്.
എന്നാൽ വിവാഹത്തെയുടൻ തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ‘ശപിക്കപ്പെട്ടവൾ’, ‘ദുശ്ശകുനം’ എന്നൊക്കെ വിളിച്ച് അപമാനിച്ചിരുന്നുവെന്നും കാണിച്ച് സൃഷ്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധനകൾ പൂർത്തിയാക്കിയതായും പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞതായും ഡോയ്വാല സർക്കിൾ ഓഫിസർ വന്ദന വർമ വ്യക്തമാക്കി.
സ്ത്രീധന പീഡനത്തെ തുടർന്നുളള മരണത്തിന് പ്രസക്തമായ വകുപ്പുകൾ പ്രകാരം ഭർത്താവ് സൗരഭ് റത്തൂരി, ഭർതൃമാതാവ് പർവിന, ഭർതൃസഹോദരി ചാരു എന്നിവരെ പ്രതിചേർത്ത് ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

