മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകൾ ക്ഷേത്രങ്ങളിലെ കൊടിമര നിർമ്മാണത്തിനാവശ്യമായ ലക്ഷണമൊത്ത തേക്കുമരങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളിലും മീനച്ചിൽ മേഖലയിൽ നിന്നുള്ള തേക്കുമരങ്ങളാണ് കൊടിമരങ്ങളായി സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ മാത്രം പാലാ മേഖലയിൽ നിന്ന് നൂറോളം ക്ഷേത്രങ്ങളിലേക്കാണ് കൊടിമരത്തിനായി തേക്ക് എത്തിച്ചു നൽകിയത്. കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി ഭാരവാഹികൾ നടത്തിയ അന്വേഷണം ഒടുവിൽ മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിലാണ് എത്തിയത്.
എരുമേലി സ്വദേശിയായ വിശ്വകർമ്മജൻ ബിൻസ് ഔസേപ്പച്ചൻ തന്റെ 81-ാമത് കൊടിമര നിർമ്മാണത്തിനായി ഈ തേക്കുമരം കണ്ടെത്തുകയായിരുന്നു. ക്ഷേത്രാധികാരികൾ നിഷ്കർഷിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഈ മേഖലയിലെ തേക്കുകൾ.
കൊടിമരത്തിനായി തിരഞ്ഞെടുക്കുന്ന മരങ്ങൾക്ക് പ്രത്യേകമായ ലക്ഷണങ്ങളുണ്ട്. അധികം ശിഖരങ്ങളില്ലാത്തതും, ഒരേ വണ്ണത്തിലുള്ളതും, 40 മുതൽ 60 അടി വരെ ഉയരമുള്ളതുമായ മരങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്.
മരത്തിന്റെ വളവ്, ചെരിവ്, പക്ഷിക്കൂട്, ഇത്തിൾ എന്നിവ ഒട്ടും ഇല്ലാത്ത അത്യന്തം വിശേഷപ്പെട്ട തേക്കുമരങ്ങളാണ് ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന മരങ്ങൾ വൃക്ഷപൂജ നടത്തി, വർണത്തുണികളിൽ പൊതിഞ്ഞ് ആഘോഷപൂർവ്വമാണ് ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. മരങ്ങാട്ടുപിള്ളിയിലെ ഷാജുവിന്റെ പുരയിടത്തിൽ നിന്ന് വെട്ടിയെടുക്കുന്ന തേക്കുമരത്തിന് 75 ഇഞ്ച് ചുറ്റളവും മുകൾഭാഗത്തിന് 50 ഇഞ്ച് വണ്ണവും 50 അടി ഉയരവുമുണ്ട്.
ഈ മരം കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി ഉപയോഗിക്കും. ശാസ്ത്രീയമായി തയ്യാറാക്കിയ ഔഷധക്കൂട്ടുകൾ ചേർത്ത എണ്ണത്തോണിയിൽ സംസ്കരിച്ച ശേഷമാണ് തേക്കുമരങ്ങളെ കൊടിമരങ്ങളാക്കി മാറ്റുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

