കടുത്ത ആശങ്കയുടെ നിമിഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒറ്റ ദിവസംകൊണ്ട് ഒരു മാസത്തെ മഴയാണ് സംസ്ഥാനത്ത് പെയ്തിറങ്ങിയത്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ 3 കുട്ടികൾ ഉൾപ്പെടെ 8 പേർ മരണപ്പെട്ടു.
കൂടാതെ 7 പേരെ കാണാതായിട്ടുമുണ്ട്. ഇതിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണങ്ങൾ മാത്രമാണ്.
എങ്കിലും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ വലിയ തോതിൽ കെടുതികൾ സൃഷ്ടിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഉണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണ് ഇത്ര പെട്ടെന്നുള്ള കനത്ത മഴയ്ക്ക് കാരണമായത്.
പത്തനംതിട്ടയിലെ വടശേരിക്കരയിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്; ഇവിടെ 24 മണിക്കൂറിനുള്ളിൽ 36.1 സെന്റിമീറ്റർ മഴ പെയ്തു. ഇടുക്കിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ 31.43 സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഇടുക്കിയിലെ കല്ലാർ ഉൾപ്പെടെയുള്ള വിവിധ ഡാമുകൾ തുറന്നുവിട്ടു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മിന്നൽ പ്രളയത്തെ തുടർന്ന് റാന്നി ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായി. പമ്പ, അച്ചൻകോവിൽ, മണിയാർ, കല്ലടയാർ എന്നീ നദികൾ കരകവിഞ്ഞാണ് ഒഴുകുന്നത്.
ഇടുക്കി ജില്ലയിൽ മാത്രം 74 ഇടങ്ങളിൽ മണ്ണിടിച്ചിലും 9 ഉരുൾപൊട്ടലുകളും ഉണ്ടായി. കുടയത്തൂർ പഞ്ചായത്തിലെ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ 2 പേർ മരണമടഞ്ഞു.
പത്തനംതിട്ടയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 3 ഉരുൾപൊട്ടലുകളും 12 പ്രദേശങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

