കോഴിക്കോട്-വയനാട് ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. താമരശ്ശേരി ദേശീയപാത 766ൽ കോഴിക്കോട് മുതൽ മുത്തങ്ങ വരെ വയനാട് ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) ഉൾപ്പെടെയുള്ള പാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
കൊടുവള്ളി, താമരശ്ശേരി, ചുരം, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ ബൈപാസുകൾ നിർമിച്ച് ദേശീയപാത നാലുവരിയായി ഉയർത്തുന്നതിനുള്ള വിശദപദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്നതിനായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ടെൻഡർ നടപടികൾ ആരംഭിച്ചിട്ട് ഒരു വർഷത്തിലധികം പിന്നിട്ടെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല. ചുരം ബൈപാസ് ഉൾക്കൊള്ളുന്ന കോഴിക്കോട്-വയനാട് ദേശീയപാതാ വികസനം കാലതാമസം കൂടാതെ നടപ്പിലാക്കുക, ചുരത്തിലെ 6, 7, 8 വളവുകളുടെ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുക എന്നീ പ്രമുഖ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ഇതിന്റെ ഭാഗമായി വരുന്ന നവംബർ 5ന് വൈത്തിരിയിൽ ദേശീയപാത ഉപരോധ സമരം സംഘടിപ്പിക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, ജോണി പാറ്റാനി, സി.വി.രാജൻ, ജോജിൻ ടി.ജോയ്, വി.കെ.മൊയ്തു മുട്ടായി, അലി ബ്രാൻ, സൈയ്തലവി തളിപ്പുഴ, നിസാർ വൈത്തിരി, പി.ടി.ബാപ്പു, വത്സല സദാനന്ദൻ, ഡോളി ജോസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

