കോട്ടയത്തുനിന്ന് കുറവിലങ്ങാട് വഴി വേളാങ്കണ്ണിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാൻ ഔദ്യോഗിക തീരുമാനം. മന്ത്രി മോൻസ് ജോസഫ് മന്ത്രി സി.പി.
ജോൺ എന്നിവർ തമ്മിൽ നടത്തിയ നിർണായക ചർച്ചയെത്തുടർന്നാണ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മധുര, തഞ്ചാവൂർ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന തീർഥാത്തകർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സർവീസിന്റെ സമയക്രമം തയാറാക്കിയിട്ടുള്ളതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
കുറവിലങ്ങാട് വഴി വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരിക്കും സർവീസ് ഉണ്ടാകുക.
ബസിൽ ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുകയാണെങ്കിൽ സർവീസ് സ്ഥിരമായി തുടരുന്നതിനുള്ള ധാരണയും മന്ത്രിമാരുടെ ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. യാത്രക്കാർക്ക് പൂർണമായും സൗകര്യപ്രദവും ജനോപകാരപ്രദവുമായ രീതിയിൽ റൂട്ട് ക്രമീകരിക്കാൻ കെഎസ്ആർടിസി അധികൃതർക്ക് മന്ത്രി സി.പി.
ജോൺ നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തി പുതിയ സർവീസിന്റെ അന്തിമ റൂട്ട് തീരുമാനിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
ചങ്ങനാശേരി–വേളാങ്കണ്ണി കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് പാലാ, തൊടുപുഴ റൂട്ടിൽ നിന്നു മാറ്റി കുറവിലങ്ങാട്, കൂത്താട്ടുകുളം വഴി സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഇത് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ 25 വർഷമായി കുറവിലങ്ങാട് വഴി സർവീസ് നടത്തിയിരുന്ന ബസ് ഏതാനും മാസം മുൻപാണ് പാലാ വഴി തിരിച്ചുവിട്ടത്.
ഈ റൂട്ട് മാറ്റം പിന്നീട് വീണ്ടും കുറവിലങ്ങാട് വഴിയാക്കാൻ തീരുമാനിച്ചെങ്കിലും കെഎസ്ആർടിസി പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പരിഹാരമായാണ് ഇപ്പോൾ പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

